ജലവിതരണ ജോലികള്‍ തീര്‍ത്തത് റെക്കോഡ് വേഗത്തില്‍

മസ്കത്ത്: ജലവിതരണ ശൃംഖലകളിലെ ജോലികള്‍ റെക്കോഡ് വേഗത്തില്‍ തീര്‍ത്ത് വൈദ്യുതി, ജല പൊതു അതോറിറ്റി. അറ്റകുറ്റപ്പണികളുടെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ മസ്കത്ത് ഗവര്‍ണറേറ്റില്‍ ജലവിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, 48 മണിക്കൂറിന് പകരം 24 മണിക്കൂര്‍ കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കി ജലവിതരണം സാധാരണനിലയിലാക്കാന്‍ കഴിഞ്ഞു. പെരുന്നാള്‍ അവധിദിനങ്ങളില്‍ കൂടുതല്‍പേരും യാത്രകളിലായിരിക്കുമെന്നതിനാലാണ് ഈ ദിവസങ്ങള്‍ അറ്റകുറ്റപ്പണിക്ക് തെരഞ്ഞെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
അല്‍ അമിറാത്ത് വിലായത്തിലെ പമ്പിങ് സ്റ്റേഷനില്‍നിന്ന് 1600 മി.മീറ്റര്‍ ശേഷിയുള്ള പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന ജോലിയായിരുന്നു പ്രധാനപ്പെട്ടത്. ഇത് പൂര്‍ത്തിയായതോടെ ജലശുദ്ധീകരണശാലയില്‍നിന്ന് കൂടുതല്‍ വെള്ളം ലഭ്യമാകും. മസ്കത്ത്, അല്‍ അമിറാത്ത്, മത്ര, അല്‍ വതയ്യ മേഖലകളിലേക്കുള്ള പ്രധാന ജലവിതരണ പൈപ്പിന്‍െറ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി. നേരത്തേ, ആവശ്യമായ മുന്നറിയിപ്പും മുന്‍കരുതല്‍ നടപടികളും എടുത്തതിനാല്‍ അറ്റകുറ്റപ്പണി നടന്ന സമയങ്ങളില്‍ ജലക്ഷാമം അനുഭവപ്പെട്ടില്ളെന്നും അതോറിറ്റി അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.