മസ്കത്ത്: രാജ്യത്തെ ഖനന, ധാതുസംസ്കരണ മേഖലയില്‍ കഴിഞ്ഞവര്‍ഷം സമ്മിശ്ര വളര്‍ച്ച. ആഗോള ഉല്‍പന്ന വിപണിയിലെ മാന്ദ്യത്തിന്‍െറയും വിലയിടിവിന്‍െറയും ഫലമായി നിരവധി ലോഹധാതുക്കളുടെ ഉല്‍പാദനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. അതേസമയം, വ്യവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിരവധി ലോഹേതര ധാതുക്കളുടെ ഉല്‍പാദനത്തില്‍ കഴിഞ്ഞവര്‍ഷം റെക്കോഡ് വര്‍ധനവുണ്ടായതായും സെന്‍ട്രല്‍ ബാങ്ക് ഒമാന്‍െറ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. സിമന്‍റിന്‍െറയും ഉരുക്കിന്‍െറയും നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവായ ലൈംസ്റ്റോണിന്‍െറ ഉല്‍പാദനത്തില്‍ 39.3 ശതമാനത്തിന്‍െറ വര്‍ധനവാണ് കഴിഞ്ഞവര്‍ഷമുണ്ടായത്. തൊട്ടു മുന്‍വര്‍ഷത്തെ 8.723 ദശലക്ഷം മെട്രിക് ടണ്ണില്‍നിന്ന് 12.156 ദശലക്ഷം മെട്രിക് ടണ്ണായാണ് വര്‍ധിച്ചത്. പ്ളാസ്റ്റര്‍ ബോര്‍ഡ്, സിമന്‍റ് ഉല്‍പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത ധാതുവായ ജിപ്സത്തിന്‍െറ ഉല്‍പാദനം 78.6 ശതമാനം വര്‍ധിച്ച് 6.049 ദശലക്ഷം മില്യണ്‍ മെട്രിക് ടണ്ണായി. ക്വാര്‍ട്സ് ഉല്‍പാദനം 24.2 ശതമാനം വര്‍ധിച്ച് 3.51 ലക്ഷം മെട്രിക് ടണ്‍ ആയപ്പോള്‍ പോര്‍സലൈന്‍, പെയ്ന്‍റ് ഉല്‍പാദനത്തിന് ഉപയോഗിക്കുന്ന കവോലിനൈറ്റിന്‍െറ ഉല്‍പാദനം 154 ശതമാനം വര്‍ധിച്ച് 1.69 ലക്ഷം മെട്രിക് ടണ്ണും ഒമാനി മാര്‍ബിളിന്‍െറ ഉല്‍പാദനം 4.1 ശതമാനം വര്‍ധിച്ച് 1.629 ദശലക്ഷം മെട്രിക് ടണ്ണുമായി ഉയര്‍ന്നു.
ആഗോള ഉല്‍പന്ന വിപണിയിലെ മാന്ദ്യം ലോഹ ധാതുക്കളുടെ വിപണിയെയാണ് ബാധിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിന്‍െറ ഫലമായി അവയുടെ ഉല്‍പാദനത്തില്‍ കാര്യമാത്രമായ കുറവുണ്ടായിട്ടുണ്ട്. ക്രോമൈറ്റിന്‍െറ ഉല്‍പാദനം 41 ശതമാനം കുറഞ്ഞ് 4.42 ലക്ഷം മെട്രിക് ടണ്‍ ആയപ്പോള്‍ ചെമ്പിന്‍േറത് 42.9 ശതമാനം കുറഞ്ഞ് 41,200 മെട്രിക് ടണ്ണായും കുറഞ്ഞു. കളിമണ്ണ്, മഗ്നീഷ്യം എന്നിവയുടെ ഉല്‍പാദനവും കുറഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണവും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടരുന്നതിനാല്‍ ക്വാറി മേഖലയും കഴിഞ്ഞവര്‍ഷം വളര്‍ച്ചയുടെ ഗ്രാഫാണ് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു. ഖനന പര്യവേക്ഷണത്തിനും ഉല്‍പാദനത്തിനുമുള്ള എട്ട് പുതിയ അനുമതികള്‍ മൈനിങ് പൊതു അതോറിറ്റി കഴിഞ്ഞവര്‍ഷം നല്‍കി. ഇതോടെ, കഴിഞ്ഞവര്‍ഷം അവസാനം വരെ നല്‍കിയ ലൈസന്‍സുകളുടെ എണ്ണം 290 ആയി. മൊത്തം 136.4 ദശലക്ഷം റിയാലിന്‍െറ ധാതുക്കളാണ് കഴിഞ്ഞവര്‍ഷം രാജ്യത്ത് ഉല്‍പാദിപ്പിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ ഉല്‍പാദനം, ടൂറിസം, മത്സ്യബന്ധനം, ചരക്കുനീക്ക മേഖലകള്‍ക്കൊപ്പം ഖനനമേഖലകളിലെ പദ്ധതികളിലൂടെയാണ് രാജ്യത്തിന്‍െറ വളര്‍ച്ചാ സാധ്യതയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇത് മുന്‍നിര്‍ത്തി ഈ മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.