സാമ്പത്തികസ്ഥിതി നിരീക്ഷണത്തില്‍  –മന്ത്രാലയം അണ്ടര്‍ സെക്രട്ടറി

മസ്കത്ത്: എണ്ണവിലയിലെ ഇടിവിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്തിന്‍െറ സാമ്പത്തികസ്ഥിതി ധനകാര്യ മന്ത്രാലയവും മറ്റ് അനുബന്ധ വകുപ്പുകളും സസൂക്ഷ്മം നിരീക്ഷിച്ച് വരുകയാണെന്ന് ധനകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാസര്‍ ബിന്‍ ഖമീസ് അല്‍ ജഷ്മി അറിയിച്ചു. ഈ വര്‍ഷത്തിലെ ബജറ്റില്‍ കണക്കുകൂട്ടിയ നിലവാരത്തിലേക്ക് ശരാശരി എണ്ണവില ഇനിയും ഉയര്‍ന്നിട്ടില്ല. 
ചെലവുകള്‍ ഇനിയും കുറച്ചുകൊണ്ടുവന്ന് സര്‍ക്കാറിന് ബുദ്ധിമുട്ടില്ലാത്ത തലത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതോടൊപ്പം, എണ്ണയിതര വരുമാനം പോഷിപ്പിക്കണം. 
മൊത്തം വരുമാനത്തില്‍ എണ്ണയിതര വിഭാഗത്തിന്‍െറ പങ്ക് ഉയര്‍ത്തേണ്ടതുണ്ടെന്നും അല്‍ ജഷ്മിയെ ഉദ്ധരിച്ച് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എണ്ണവിലയിലെ ഇടിവും പ്രതിസന്ധിയും ആരംഭിച്ച സമയത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇതിന്‍െറ ആഘാതം കുറക്കാന്‍ സഹായകമായിട്ടുണ്ട്. ചെലവഴിക്കലിലെ കുറവില്‍ ഇത് ദൃശ്യമാണ്. 
2014ലെ 15.1 ശതകോടി റിയാലില്‍നിന്ന് ഈ വര്‍ഷം 12 ശതകോടി റിയാലായി പൊതു ചെലവ് കുറക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ കൂട്ടുന്നതിനുമായി ഒമ്പതാം പഞ്ചവത്സര പദ്ധതിയില്‍ അഞ്ചു മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. വിനോദസഞ്ചാരം, ഖനനം, ലോജിസ്റ്റിക്സ്, പെട്രോകെമിക്കല്‍സ്, മത്സ്യബന്ധനം എന്നീ വിഭാഗങ്ങളിലായിരിക്കും പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയെന്ന് അല്‍ ജഷ്മി പറഞ്ഞു. 
സ്വകാര്യമേഖലയുടെ സഹായത്തോടെയായിരിക്കും ഇത്. രാജ്യത്ത് സ്വകാര്യമേഖലയില്‍ നിരവധി നിക്ഷേപങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുനല്‍കുകയും പിന്തുണ നല്‍കുകയുമാണ് ചെയ്യുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് പൗരന്മാരുടെ  ജീവിതനിലവാരത്തെ, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരെ കൂടുതലായി ബാധിക്കുന്ന നയം സര്‍ക്കാര്‍ കൈക്കൊള്ളില്ല. എല്ലാവരും ഒരുമിച്ചുനിന്ന് ഈ പ്രതിസന്ധി മറികടക്കുകയാണ് വേണ്ടതെന്നും അല്‍ ജഷ്മി പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.