അതിവേഗം വളരുന്ന വിനോദസഞ്ചാര  കേന്ദ്രങ്ങളുടെ പട്ടികയില്‍ ഒമാനും

മസ്കത്ത്: ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യു.എന്‍.ഡബ്ള്യു.ടി.ഒ) തയാറാക്കിയ അതിവേഗം വളരുന്ന ലോകത്തെ 17 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഒമാന്‍ ഇടംപിടിച്ചു. പട്ടികയില്‍ 16ാമതാണ് ഒമാന്‍െറ സ്ഥാനം. റുമേനിയയാണ് 17ാം സ്ഥാനത്ത്. 15ല്‍ കൊളംബിയയും. പട്ടികയില്‍ ഉള്‍പ്പെട്ട ഏക അറബ് രാജ്യവും ജി.സി.സി രാജ്യവും ഒമാനാണ്. 2005ല്‍ ഒമാന്‍ സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണം 8,91,000 ആയിരുന്നു. 2015 ആയതോടെ അത് 1.78 മില്യന്‍ ആയി. 17 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 
നാഷനല്‍ സെന്‍റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍െറ (എന്‍.സി.എസ്.ഐ) പുതിയ ബുള്ളറ്റിനില്‍ 2015 ഒക്ടോബര്‍ വരെ ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലായി 9,64,956 സഞ്ചാരികള്‍ എത്തിയതായാണ് കണക്ക്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ജൂലൈ ഒന്നിന് വാട്ടര്‍ഫ്രണ്ട് പദ്ധതിയുടെ നിര്‍മാണം തുടങ്ങുമെന്ന് ഈമാസമാദ്യം ഗതാഗത-വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് അല്‍ ഫുതൈസി പ്രഖ്യാപിച്ചിരുന്നു. നാല് ഘട്ടങ്ങളായുള്ള പദ്ധതിയുടെ ആദ്യഘട്ടം 2019ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.