പുതിയ വിമാനത്താവളം നിര്‍മാണം ഈവര്‍ഷം പൂര്‍ത്തിയാകും -ഗതാഗത മന്ത്രി

മസ്കത്ത്: പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് ഗതാഗത-വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി പറഞ്ഞു. എന്നാല്‍, പുതിയ വിമാനത്താവളം എന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് പറയാന്‍ കഴിയില്ല. 
നിര്‍മാണം പൂര്‍ത്തിയായാലും വ്യോമഗതാഗതം തുടങ്ങാന്‍ നാലുമുതല്‍ ആറുമാസംവരെ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാലാണിത്. 2015ല്‍ വിമാനത്താവളത്തിന്‍െറ നിര്‍മാണം 86 ശതമാനം പൂര്‍ത്തിയായി. 90 ശതമാനം പൂര്‍ത്തീകരണമാണ് ലക്ഷ്യമിട്ടതെങ്കിലും കരാറുകാരുടെ പ്രശ്നങ്ങള്‍മൂലം കാലതാമസം നേരിടുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രതിദിനം 1400 വിമാനങ്ങളാണ് ഒമാനിന്‍െറ മുകളിലൂടെ പറക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ പബ്ളിക് അതോറിറ്റി സി.ഇ.ഒ മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അലി അല്‍ സഅ്ബി പറഞ്ഞു. 2014നെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനയാണ് വിമാനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ സലാല വിമാനത്താവളം തുറന്നതാണ് വ്യോമയാനമേഖലയിലെ മറ്റൊരു നേട്ടം. പ്രതിവര്‍ഷം 20 ലക്ഷം യാത്രക്കാരെ കൈകാര്യംചെയ്യാനുള്ള സൗകര്യങ്ങളാണ് സലാല വിമാനത്താവളത്തിലുള്ളത്. വര്‍ഷംതോറും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി ഇത് പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളാക്കി വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
ദുഖം വിമാനത്താവളപദ്ധതിയുടെ മൂന്നാം പാക്കേജായ പാസഞ്ചര്‍ ടെര്‍മിനലിന്‍െറ നിര്‍മാണം തുടങ്ങി. സൊഹാര്‍ വിമാനത്താവളത്തിന്‍െറ പാസഞ്ചര്‍ ടെര്‍മിനല്‍, കണ്‍ട്രോള്‍ ടവര്‍, കാര്‍ഗോ ബില്‍ഡിങ് തുടങ്ങിയവയുടെ ടെന്‍ഡറുകള്‍ ഉറപ്പിച്ചിട്ടുണ്ട്. 2011ലാണ് പുതിയ മസ്കത്ത് വിമാനത്താവളനിര്‍മാണം ആരംഭിച്ചത്. 2014ന്‍െറ തുടക്കത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും തൊഴില്‍സമരവും സാങ്കേതിക തടസ്സങ്ങളുമടക്കമുള്ള വെല്ലുവിളികള്‍മൂലം വൈകുകയായിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.