ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളില്‍ ഒമാന്‍ രണ്ടാമത്

മസ്കത്ത്: ഒമാനെ ബിസിനസ് സൗഹൃദ രാഷ്ട്രമായി വളര്‍ത്തിയെടുക്കാനുള്ള ഭരണാധികാരികളുടെ ശ്രമങ്ങള്‍ക്ക് ആഗോള ധനകാര്യ മാസികയായ ഫോര്‍ബ്സിന്‍െറ അംഗീകാരം. ബിസിനസ് നടത്താന്‍ നല്ല അന്തരീക്ഷമുള്ള 139 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒമാന് 52ാം സ്ഥാനമാണുള്ളത്. അറബ് മേഖലയില്‍ യു.എ.ഇക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഒമാന്‍. ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, കുവൈത്ത് എന്നിങ്ങനെയാണ് പട്ടികയില്‍ ജി.സി.സി രാഷ്ട്രങ്ങളുടെ സ്ഥാനം. ആഗോള പട്ടികയില്‍ യു.എ.ഇ 33ാമതും ഖത്തര്‍ 54ാമതുമാണ്. ബഹ്റൈന്‍ 60, സൗദി 80, കുവൈത്ത് 84 എന്നിങ്ങനെയാണ് ഫോര്‍ബ്സിന്‍െറ ഏറ്റവും പുതിയ പട്ടികയില്‍ മറ്റു രാഷ്ട്രങ്ങളുടെ സ്ഥാനം. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള വരുമാന നഷ്ടം നികത്താന്‍ ഒമാന്‍ സാമ്പത്തിക വൈവിധ്യവത്കരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നുകയാണെന്ന് ഫോര്‍ബ്സിന്‍െറ റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ വരുമാനത്തിന്‍െറ 84 ശതമാനവും എണ്ണയില്‍നിന്നാണ് ലഭിക്കുന്നത്. 
വിലയിടിവിന്‍െറ ഫലമായി കഴിഞ്ഞവര്‍ഷം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 11 ശതമാനം അഥവാ 6.5 ശതകോടി റിയാലിന്‍െറ ബജറ്റ് കമ്മിയുണ്ടായി. നിയന്ത്രിതമായ വിദേശ ആസ്തി മാത്രമുള്ള രാജ്യം കടമെടുത്താണ് ബജറ്റ് കമ്മി മറികടക്കുന്നത്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 46 ശതമാനമാണ് എണ്ണ മേഖലയുടെ സംഭാവന. വ്യവസായവത്കരണത്തിലൂടെയും സ്വകാര്യവത്കരണത്തിലൂടെയും ഇത് 2020ഓടെ ഒമ്പത് ശതമാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. വിനോദസഞ്ചാര മേഖലയും പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. വ്യാപാര സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം, പുതുമ, സാങ്കേതികത, ചുവപ്പുനാടകള്‍, നിക്ഷേപക സംരക്ഷണം, അഴിമതി, സ്വകാര്യ സ്വാതന്ത്ര്യം, നികുതി ഭാരം, വിപണിയുടെ പ്രകടനം എന്നീ ഘടകങ്ങള്‍ ആസ്പദമാക്കിയാണ് ഫോര്‍ബ്സ് മാസിക പട്ടിക തയാറാക്കിയിരിക്കുന്നത്. നികുതിഭാരത്തിലെ കുറവ്, ചുവപ്പുനാട എന്നീ വിഭാഗങ്ങളിലാണ് ഒമാന് മികച്ച റാങ്കിങ് ലഭിച്ചത്. യഥാക്രമം 29, 12 എന്നിങ്ങനെയാണ് ഈ വിഭാഗങ്ങളിലെ റാങ്കിങ്. 
ലോകബാങ്ക്, ഹെറിറ്റേജ് ഫൗണ്ടേഷന്‍, ലോക ഇക്കണോമിക്സ് ഫോറം എന്നിവയുടെ വിവരങ്ങളാണ് ഫോര്‍ബ്സ് ഇതിനായി ഉപയോഗിച്ചത്. സ്വീഡന്‍, ന്യൂസിലന്‍ഡ്, ഹോങ്കോംഗ്, അയര്‍ലന്‍റ്, ബ്രിട്ടന്‍ എന്നിവയാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്ത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതോടെ അമേരിക്കയുടെ സ്ഥാനം ഒരുപടി താഴേക്കുപോയി. ഇന്ത്യക്ക് കുവൈത്തിന് പിന്നില്‍ 85ാം സ്ഥാനമാണുള്ളത്. യമന്‍, ഹെയ്തി, ഗാംബിയ, ഛാദ് എന്നിവയാണ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍. പുതിയ ബിസിനസ് സംരംഭങ്ങള്‍ എളുപ്പത്തില്‍ ആരംഭിക്കാന്‍ കഴിയുന്ന രാഷ്ട്രമെന്ന ബഹുമതി കഴിഞ്ഞ ഒക്ടോബറില്‍ ഒമാന് ലഭിച്ചിരുന്നു. ഇന്‍ഫ്ളുവന്‍ഷ്യല്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന വിഭാഗത്തില്‍ ഒമാന് ആഗോളതലത്തില്‍ 32ാം സ്ഥാനമാണ് ലഭിച്ചത്. ബിസിനസ് നടത്തല്‍ എളുപ്പമുള്ള രാഷ്ട്രങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ലോകബാങ്ക് പട്ടികയില്‍ വിവിധ വിഭാഗങ്ങളിലെ റാങ്കിങ് കണക്കിലെടുക്കുമ്പോള്‍ ഒമാന് 66ാം സ്ഥാനമാണ് ഉണ്ടായിരുന്നത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.