പ്രവാസികള്‍ പ്രതീക്ഷയോടെ 2017 ലേക്ക്

മസ്കത്ത്: ജര്‍മനിയില്‍ നടന്ന തുടര്‍ ചികിത്സക്ക് ശേഷം ഒമാന്‍ ഭരണാധികാരി കൂടുതല്‍ ഊര്‍ജസ്വലനായി തിരിച്ചത്തെുന്നത് കണ്ടുകൊണ്ടാണ് 2016 അവസാനിക്കുന്നത്. ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി നടന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ സല്യൂട്ട് സ്വീകരിച്ചിരുന്നു. അമരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയെയും ചാള്‍സ് രാജകുമാരനെയും സ്വീകരിച്ച സുല്‍ത്താന്‍ അമേരിക്കന്‍ അംബാസഡറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സായുധ സേനാ ദിനത്തില്‍ നടന്ന വിരുന്നിലും സുല്‍ത്താന്‍ ഖാബൂസ് പങ്കെടുത്തു. ഫെബ്രുവരി 13നാണ് സുല്‍ത്താന്‍ ജര്‍മനിയിലേക്ക് തുടര്‍ ചികിത്സക്ക് പുറപ്പെട്ടത്. ചികിത്സ കഴിഞ്ഞ് പൂര്‍ണ ആരോഗ്യവാനായി ഏപ്രില്‍ 12നാണ് അദ്ദേഹം തിരിച്ചത്തെിയത്. നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഒമാന്‍ ഇടപെട്ട് പലതും പരിഹരിക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചിരുന്നു. യമന്‍, സിറിയ, ലിബിയ പ്രശ്നങ്ങളും ഇതില്‍ ഉള്‍പ്പെടും. യമനില്‍ ആക്രമണത്തില്‍ പരിക്കേറ്റ നൂറിലധികം പേരെ ഒമാനിലത്തെിച്ച് ചികിത്സ നല്‍കിയതും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായിരുന്നു. യമനില്‍ ഹൂതികള്‍ ബന്ദിയാക്കിയ റെഡ്ക്രോസ് പ്രവര്‍ത്തക അടക്കം വിദേശികള്‍ക്കും ഇറാനില്‍ തടവിലാക്കിയിരുന്ന കനേഡിയന്‍ പ്രഫസര്‍ക്കും ഒമാന്‍ ഇടപെട്ടതിനെ തുടര്‍ന്ന് മോചനം സാധ്യമായിരുന്നു. 
മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നോര്‍വേ കേന്ദ്രമായ അറബ്, യൂറോപ്പ് സെന്‍റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്‍െറ അറബ് മാന്‍ ഇന്‍റര്‍നാഷനലിന്‍െറ പുരസ്കാരം ഡിസംബര്‍ അവസാനം സുല്‍ത്താന്‍ ഖാബൂസിന് ലഭിച്ചത് ഇരട്ടി മധുരമായി.
അറബ് യൂനിയനില്‍ പങ്കാളിയാവാതെ സ്വന്തം നിലപാടുമായി ഒമാന്‍ മുന്നോട്ടുപോയെങ്കിലും സൗദിയുടെ കീഴിലുള്ള ജി.സി.സി ഭീകര വിരുദ്ധ സേനയിലെ ഒമാന്‍െറ പങ്കാളിത്തം വലിയ വാര്‍ത്തയായിരുന്നു. ഗതാഗത നിയമലംഘനത്തിന് കടുത്ത ശിക്ഷ നല്‍കും വിധം ഒമാന്‍ ഗതാഗത നിയമം പുതുക്കിയതും 2016ലായിരുന്നു. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളുടെ ഭാഗമായ കര്‍മനടപടികള്‍ തീരുമാനിക്കുന്നതിന് അന്താരാഷ്ട്ര വിദഗ്ധരുടെ സാന്നിധ്യത്തില്‍ ‘തന്‍ഫീദ്’ വര്‍ക് ഷോപ്പുകള്‍ നടന്നതും വര്‍ഷത്തിന്‍െറ അവസാന പാദത്തിലാണ്. വര്‍ക്ഷോപ്പുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളുടെ ഭാഗമായ വോട്ടെടുപ്പുകളടക്കം നടപടികള്‍ നടന്നുവരുകയാണ്. ഇവയില്‍ അന്തിമ തീരുമാനം പുതുവര്‍ഷത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 
പോയവര്‍ഷം പ്രവാസികള്‍ക്ക് നെഞ്ചിടിപ്പിന്‍േറതായിരുന്നു. എണ്ണ വിലയിടിവ് പ്രവാസികള്‍ക്കും തിരിച്ചടിയായിരുന്നു. പോയ വര്‍ഷാരംഭത്തില്‍ എണ്ണ വിലയില്‍ റെക്കോഡ് തകര്‍ച്ചയാണ് അനുഭവപ്പെട്ടത്. എന്നാല്‍, എണ്ണ വില 54 ഡോളര്‍ കടന്നുവെന്ന ആശ്വാസവുമായാണ് 2017ലേക്ക് കാലെടുത്തുവെക്കുന്നത്. എണ്ണവില ഉയരാന്‍ തുടങ്ങിയത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആശ്വാസം പകരുന്നുണ്ട്. അടുത്ത വര്‍ഷം എണ്ണവില ഉയരുമെന്നും സാമ്പത്തികനില മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നവരാണ് പ്രവാസികള്‍. പോയവര്‍ഷം എണ്ണവില കുറഞ്ഞത് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി നിരവധി കമ്പനികളെയും സ്ഥാപനങ്ങളെയും ബാധിച്ചിരുന്നു. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ പിരിച്ചുവിടല്‍ ഭീഷണിയിലുമായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു. ശമ്പളം നല്‍കാനാകാതെ വിഷമിക്കുന്ന കമ്പനികളും രാജ്യത്തുണ്ട്. രാജ്യത്തെ വിപണിയില്‍ ഇന്ധന വിലനിയന്ത്രണം നീക്കുമെന്ന വാര്‍ത്തയുമായാണ് 2016 പിറന്നത്. ജനുവരി 15 മുതല്‍ ഇത് നടപ്പാവുകയും ചെയ്തു. 
അന്താരാഷ്ട്ര വിലയനുസരിച്ച് ഓരോ മാസവും പുതുക്കി നിശ്ചയിക്കുകയെന്ന നിലപാടാണ് സര്‍ക്കാറെടുത്തത്. ഇതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ 50 ശതമാനത്തിന്‍െറ വര്‍ധനവുണ്ടായി. വിവിധ രജിസ്ട്രേഷന്‍ ഫീ, എയര്‍ ട്രാഫിക് ഫീ അടക്കമുള്ളവയും വര്‍ധിപ്പിച്ചത് പ്രവാസികള്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. 
ലേബര്‍ കാര്‍ഡ് ഫീ 100 റിയാല്‍ വര്‍ധിപ്പിച്ചതാണ് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായത്. അധിക ഫീ ജീവനക്കാരില്‍നിന്ന് പിടിക്കാന്‍ ചില കമ്പനികള്‍ ശ്രമിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുകയില്ളെന്ന സെന്‍ട്രല്‍ ബാങ്കിന്‍െറ അറിയിപ്പ് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. റിയാലിന് ഉയര്‍ന്ന വിനിമയ നിരക്ക് ലഭിച്ചതും പ്രവാസികള്‍ക്ക് സന്തോഷം പകര്‍ന്നിരുന്നു.
പോയവര്‍ഷം റോഡപകടങ്ങള്‍ കുറഞ്ഞെങ്കിലും ചില അപകടങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചിരുന്നു. മാര്‍ച്ച് ഒന്നിന്ന് ഫഹൂദിലുണ്ടായ റോഡപകടത്തില്‍ ആറ് ഒമാനികള്‍ അടക്കം 18 പേരാണ് മരിച്ചത്. ജനുവരിയില്‍ നിസ്വ ഇന്ത്യന്‍ സ്കൂള്‍ ബസ് അപകടത്തില്‍ ഏഴു സ്കൂള്‍ കുട്ടികള്‍ മരിച്ചതും നൊമ്പരമുണ്ടാക്കിയിരുന്നു. ജൂലൈയില്‍ രണ്ടു മലയാളികള്‍ അടക്കം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അല്‍ഖൂദ് അപകടം,  ആഗസ്റ്റില്‍ ഹൈമയില്‍ നടന്ന അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടം, തെക്കന്‍ ശര്‍ഖിയ്യയിലെ നാലംഗ കുടുംബം മരിച്ച അപകടം എന്നിവയും മറ്റു പ്രധാന അപകടങ്ങളാണ്. മൂന്നു മലയാളികളടക്കം നാലുപേരുടെ കൊലപാതകങ്ങളും പ്രവാസികളെ ഞെട്ടിച്ചിരുന്നു. 
ഏപ്രില്‍ മാസം സലാലയില്‍ നഴ്സായ എറണാകുളം സ്വദേശി ചിക്കു റോബര്‍ട്ടിന്‍െറ കൊലപാതകം, ജൂലൈയില്‍ ഇബ്രിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന കോട്ടയം സ്വദേശി ജോണ്‍ ഫിലിപ്പിന്‍െറ കൊലപാതകം, മത്രയില്‍ ഒമാന്‍ ഹൗസിന് സമീപം ഒമാന്‍ ഫ്ളോര്‍മില്‍ ജീവനക്കാരനായിരുന്ന തിരുവനന്തപുരം സ്വദേശിയുടെ കൊലപാതകം, ഖുറമിലെ ഹോട്ടല്‍ ജീവനക്കാരിയായിരുന്ന ഫിലിപ്പീന്‍ സ്വദേശിനിയുടെ കൊലപാതകം എന്നിവയും പ്രവാസികളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍, എല്ലാ കേസുകളിലും പ്രതികള്‍ പിടിക്കപ്പെട്ടത് പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.