വീണ്ടും വാഹനാപകടം: ജഅലാനില്‍ നാലുപേര്‍ മരിച്ചു

മസ്കത്ത്: തുംറൈത്തില്‍ രണ്ട് അപകടങ്ങളിലായി നാലുപേര്‍ മരിച്ച് 24 മണിക്കൂര്‍ പിന്നിടും മുമ്പ് വീണ്ടും അപകടം. ശര്‍ഖിയ പ്രവിശ്യയിലെ ജഅലാനില്‍ അസീല മേഖലയിലുണ്ടായ അപകടത്തില്‍  ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും മരിച്ചു. മാതാപിതാക്കളും ആറും നാലും വയസ്സുള്ള കുട്ടികളുമാണ് മരിച്ചത്. 
ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഇതോടെ, 24 മണിക്കൂര്‍ തികയും മുമ്പ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. അസീലയില്‍ വാഹനം നിയന്ത്രണം വിട്ടാണ് അപകടത്തില്‍പെട്ടതെന്ന് ആര്‍.ഒ.പി അറിയിച്ചു. മൃതദേഹങ്ങള്‍ ജഅലാനിലെ ആശുപത്രിയിലേക്ക് മാറ്റി. സലാല തുംറൈത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ രണ്ട് അപകടങ്ങളില്‍ രണ്ട് ഒമാനികളും രണ്ട് യു.എ.ഇ സ്വദേശികളും മരണപ്പെട്ടിരുന്നു. പത്തുപേര്‍ക്ക് അപകടങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ലിവ പ്രവിശ്യയില്‍ നിന്നുള്ള സ്വദേശി കുടുംബം സഞ്ചരിച്ച വാഹനമാണ് ആദ്യം അപകടത്തില്‍പെട്ടത്. യുവതിയും കുട്ടിയുമാണ് ഇതില്‍ മരിച്ചത്. എട്ടുപേര്‍ക്ക് ഇതില്‍ പരിക്കേറ്റു. സലാലയില്‍നിന്ന് മടങ്ങുകയായിരുന്ന യു.എ.ഇ സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് രണ്ടാമത് അപകടത്തില്‍ പെട്ടത്. 
തുംറൈത്ത് റൗണ്ട് എബൗട്ടിന് സമീപം വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ചെറുപ്പക്കാരാണ് തുംറൈത്ത് അപകടത്തിലും മരണപ്പെട്ടതെന്ന് ആര്‍.ഒ.പി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ക്ഷീണമോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതോ അമിതവേഗമോ ആകാം അപകട കാരണം. അപകടകാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സലാലയില്‍ അവധിക്കാലം ചെലവഴിച്ചശേഷം തിരികെ പോകവേ യു.എ.ഇ സ്വദേശികള്‍ അപകടത്തില്‍പെടുന്ന സംഭവം ഒന്നിലധികം തവണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 
മതിയായ വിശ്രമമില്ലാതെയും അശ്രദ്ധമായും വാഹനമോടിക്കുന്നതാണ് ഹൈമ - സലാല റോഡിലെ അപകടങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജൂണിന് ശേഷം ആദം-സലാല റോഡിലുണ്ടായ അപകടങ്ങളില്‍ എട്ട് യു.എ.ഇ സ്വദേശികളാണ് ഇതുവരെ മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.