ദേശീയ മ്യൂസിയത്തില്‍ ആദ്യ ആഴ്ചയില്‍  എത്തിയത് 1700 സന്ദര്‍ശകര്‍

മസ്കത്ത്: സന്ദര്‍ശകര്‍ക്കായി തുറന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ ഒമാന്‍ ദേശീയ മ്യൂസിയത്തില്‍ എത്തിയത് 1700ലധികം സന്ദര്‍ശകര്‍. ഇതില്‍ 838 പേര്‍ കുട്ടികളും വിദ്യാര്‍ഥികളുമാണ്. ജി.സി.സി പൗരന്മാരും മുതിര്‍ന്ന സ്വദേശികളുമായി 17 പേരും പ്രത്യേക വിഭാഗത്തില്‍പെടുന്ന പത്തു പേരും 587 സ്വദേശികളും 191 താമസക്കാരും 77 വിനോദ സഞ്ചാരികളും ദേശീയ മ്യൂസിയത്തില്‍ എത്തി. 
സന്ദര്‍ശകരുടെ പ്രതികരണത്തില്‍ സന്തോഷവാനാണെന്ന് നാഷനല്‍ മ്യൂസിയം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ മൂസാവി പറഞ്ഞു. ഈ പ്രതികരണം വരുംനാളുകളിലും തുടരുമെന്നും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. സന്ദര്‍ശകരില്‍ ഉയര്‍ന്ന ശതമാനവും കുട്ടികളും വിദ്യാര്‍ഥികളുമാണെന്നതും ഏറെ അഭിമാനാര്‍ഹമാണ്. കുടുംബങ്ങളും വിവിധ ഗ്രൂപ്പുകളും വരും ദിവസങ്ങളില്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് കരുതുന്നത്. പൊതുജനങ്ങള്‍ക്കായി തുറന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 12,000 സന്ദര്‍ശകര്‍ എത്തുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അല്‍ മൂസാവി കൂട്ടിച്ചേര്‍ത്തു. ദേശീയ മ്യൂസിയത്തിന്‍െറ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയാണ്. ആദ്യ ആഴ്ചയില്‍ മ്യൂസിയത്തിന്‍െറ ട്വിറ്റര്‍ അക്കൗണ്ടില്‍ 5,732 ഉം ഇന്‍സ്റ്റാഗ്രാമില്‍ 1875ഉം ഫേസ്ബുക്കില്‍ 790ഉം ഫോളോവേഴ്സ് ആണുള്ളത്. ഒമാന്‍െറ സമ്പന്നമായ പൈതൃക പെരുമയിലേക്ക് വാതില്‍ തുറക്കുന്ന മ്യൂസിയത്തിലെ കാഴ്ചകളെ മനസ്സിലേറ്റിയാണ് സന്ദര്‍ശകര്‍ മടങ്ങുന്നതെന്നതിന് ഇവിടത്തെ സന്ദര്‍ശക ബുക്കും സാമൂഹിക മാധ്യമങ്ങളും സാക്ഷിയാകുന്നു. സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും ഒരു റിയാല്‍ വീതമാണ് പ്രവേശ ഫീസ്. ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ക്ക് രണ്ടു റിയാലും വിദേശസഞ്ചാരികള്‍ക്ക് അഞ്ചു റിയാലുമാണ് ഫീസ്. ഒറ്റക്കും കൂട്ടായും എത്തുന്ന 25 വയസ്സില്‍ താഴെയുള്ള എല്ലാ രാജ്യക്കാരായ വിദ്യാര്‍ഥികള്‍ക്കും പ്രവേശം സൗജന്യമായിരിക്കും. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാകും പ്രവേശം. 
സെപ്റ്റംബര്‍ 30 വരെ ഈ നില തുടരും. ഒമ്പത് മണി മുതല്‍ മൂന്നുവരെയാകും പ്രവേശ സമയം. 2.30 വരെയായിരിക്കും ടിക്കറ്റുകള്‍ വില്‍പന നടത്തുക. സെപ്റ്റംബര്‍ 30ന് ശേഷമാകും കൂടുതല്‍ ദിവസങ്ങളില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതടക്കം കാര്യങ്ങള്‍ പ്രഖ്യാപിക്കുക.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.