കള്ളപ്പണം വെളുപ്പിക്കല്‍:ഭേദഗതി വ്യവസ്ഥ ചെയ്യുന്നത് കഠിന ശിക്ഷ

മസ്കത്ത്: കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം ചെയ്യല്‍ കേസുകളില്‍ പിടിയിലാകുന്നവര്‍ക്ക് നിയമത്തിലെ ഭേദഗതി വ്യവസ്ഥ ചെയ്യുന്നത് കഠിന ശിക്ഷ. ധനകാര്യ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഒമാന്‍ സര്‍ക്കാറിന്‍െറ കടുത്ത നിലപാടിന്‍െറ ഭാഗമാണ് ശിക്ഷാ നിയമത്തിലെ ഭേദഗതിയെന്ന് ഒമാന്‍ ഒബ്സര്‍വര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
റോയല്‍ ഡിക്രി 30/ 2016പ്രകാരമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്നവര്‍ക്കുള്ള ശിക്ഷയില്‍ അടുത്തിടെ ഭേദഗതി വരുത്തിയത്. നേരത്തേ, കള്ളപ്പണം വെളുപ്പിക്കലിന് പിടിയിലാകുന്നവര്‍ക്ക് മൂന്നു വര്‍ഷമായിരുന്നു കുറഞ്ഞ തടവ് ശിക്ഷ. എന്നാല്‍, ഭേദഗതിയില്‍ ഇത് അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തി. കുറഞ്ഞ പിഴസംഖ്യ അയ്യായിരം റിയാലില്‍നിന്ന് 50,000 റിയാലായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഭീകരവാദത്തിന് ധനസഹായം ചെയ്യുന്നവര്‍ക്കുള്ള കുറഞ്ഞ തടവ് പത്തുവര്‍ഷം എന്നത് ഭേദഗതിയിലും നിലനിര്‍ത്തിയിട്ടുണ്ട്.
ഈ കേസില്‍ കുറഞ്ഞ പിഴസംഖ്യ 10,000ത്തില്‍നിന്ന് 50,000 റിയാലായി വര്‍ധിപ്പിച്ചു. അധികാരസ്ഥാനങ്ങളിലുള്ളവര്‍ രണ്ടു കേസുകളിലും പിടിയിലാകുന്ന പക്ഷം ഒരു ലക്ഷം റിയാല്‍ കുറഞ്ഞ പിഴയായി നല്‍കേണ്ടിവരും. ബിസിനസ് സ്ഥാപനങ്ങളാണെങ്കില്‍ അവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിടാന്‍ കോടതിക്ക് അധികാരമുണ്ടായിരിക്കും. ഒമാന്‍െറ നിയമസംവിധാനങ്ങളെ ധനകാര്യകുറ്റകൃത്യങ്ങള്‍ അമര്‍ച്ചചെയ്യുന്നതിനുള്ള ആഗോളനീക്കങ്ങള്‍ക്ക് ഒപ്പം ക്രമീകരിക്കുന്നതിന്‍െറ ഭാഗമായാണ് ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.