പച്ചക്കറി മൊത്തവ്യാപാര മാര്‍ക്കറ്റ് ബര്‍കയിലേക്ക് മാറ്റാന്‍ നീക്കം

മസ്കത്ത്: മബേലയിലെ പഴം, പച്ചക്കറി മൊത്തവ്യാപാര മാര്‍ക്കറ്റ് ബര്‍കയിലേക്ക് മാറ്റാന്‍ മസ്കത്ത് മുനിസിപ്പാലിറ്റി നീക്കങ്ങള്‍ നടത്തുന്നു. ഇതിന്‍െറ സാധ്യതാപഠനം ആരംഭിച്ചു. അഞ്ചുവര്‍ഷം കൊണ്ട് മബേലയില്‍ നിന്ന് മൊത്തവ്യാപാര മാര്‍ക്കറ്റ് മാത്രം മാറ്റാനാണ് മുനിസിപ്പാലിറ്റി ശ്രമിക്കുന്നത്. ചില്ലറ വ്യാപാര സ്ഥാപനങ്ങളെ മബേലയില്‍തന്നെ നിലനിര്‍ത്തും. മബേലയില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും തിരക്കും ഒഴിവാക്കാനാണ് മൊത്ത വ്യാപാരം മാറ്റുന്നത്. ബര്‍കയില്‍നിന്ന് എക്സ്പ്രസ്വേയില്‍നിന്ന് നേരിട്ടത്തൊന്‍ പറ്റുന്ന അല്‍ ഫലജിലായിരിക്കും മൊത്ത വ്യാപാര മാര്‍ക്കറ്റ് ആരംഭിക്കുക. ഇവിടെ അധികൃതര്‍ നിരവധി സൗകര്യങ്ങളും ഒരുക്കാന്‍ സാധ്യതയുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളും സൂക്ഷിക്കാനുള്ള  വന്‍ ഫ്രീസര്‍ സൗകര്യം, ഗുണമേന്മാ പരിശോധനക്കുള്ള സൗകര്യം എന്നിവയും ഒരുക്കിയേക്കും.1997ലാണ് നിലവിലെ മബേല പച്ചക്കറി മാര്‍ക്കറ്റ് ആരംഭിച്ചത്. ചെറിയ രീതിയിലായിരുന്നു മാര്‍ക്കറ്റ് തുടങ്ങിയത്. ചെറുകിട കച്ചവടക്കാരാണ് മബേല മാര്‍ക്കറ്റിനെ വലുതാക്കിയത്. അക്കാലത്ത് 90 ശതമാനം പഴം, പച്ചക്കറി ഉല്‍പന്നങ്ങളും ദുബൈയില്‍നിന്നാണ് മബേലയില്‍ എത്തിയിരുന്നത്. 10 ശതമാനം മാത്രമായിരുന്നു നേരിട്ടുള്ള ഇറക്കുമതി. എന്നാല്‍, 98 മുതല്‍ പല കമ്പനികളും പച്ചക്കറിയും പഴ വര്‍ഗങ്ങളും നേരിട്ട് ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ഇന്ന് ഏറിയ പങ്കും നേരിട്ടുള്ള ഇറക്കുമതിയാണ്. മബേല മാര്‍ക്കറ്റ് ഇന്ന് നിന്ന് തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ്. എല്ല ദിവസങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഉപഭോക്താക്കള്‍ക്കും ചരക്കുമായത്തെുന്ന വാഹനങ്ങള്‍ക്കും പാര്‍ക്കിങ് പ്രശ്നങ്ങളും ഗുരുതരമാണ്. ദിവസവും ശരാശരി 40 കണ്ടെയ്നര്‍ ചരക്കെങ്കിലും മബേലയിലത്തെുന്നുണ്ട്. അതായത്, 800 മുതല്‍ 1000 വരെ ടണ്‍ പച്ചക്കറിയും പഴ വര്‍ഗവുമാണ് മബേലയില്‍ ദിവസവും ഇറക്കുന്നത്. ഇതുമൂലമുള്ള ഗതാഗതപ്രശ്നങ്ങളും നിരവധിയാണ്. ബര്‍കയില്‍ പുതിയ മൊത്തവ്യാപാര സ്ഥാപനം ആരംഭിക്കുന്നത് തുടക്കത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വ്യാപാരത്തിന് ഗുണംചെയ്യുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 
പുതിയ മാര്‍ക്കറ്റുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതും എക്പ്രസ്വേയോട് ചേര്‍ന്നുകിടക്കുന്നതുമാണ്. 
സൊഹാര്‍ തുറമുഖത്ത് എളുപ്പത്തില്‍ എത്തിച്ചേരാന്‍കഴിയുന്നത് കടത്ത് ചെലവുകുറക്കാനും കാരണമാക്കും. മസ്കത്ത് വിമാനത്താവളത്തില്‍നിന്ന് എത്തിച്ചേരാനും സൗകര്യമാണ്. മാര്‍ക്കറ്റിലെ തിരക്കും ഗതാഗത കുരുക്കും ഒഴിവാക്കാന്‍ കഴിയുന്നത് മാര്‍ക്കറ്റിന് അനുകൂല ഘടകമാവുമെന്നും വ്യാപാരികള്‍ വിലയിരുത്തുന്നു. എന്നാല്‍, ഇതുസംബന്ധമായ വ്യക്തമായ രൂപങ്ങള്‍ പുറത്തുവന്നിട്ടില്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.