പരക്കെ കാറ്റും മഴയും; മിന്നല്‍ പ്രളയത്തില്‍ രണ്ടു മരണം

മസ്കത്ത്: ഒരിടവേളക്കുശേഷം ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും. ഭീതിവിതച്ച് ഇടിയുടെയും മിന്നലിന്‍െറയും അകമ്പടിയോടെയാണ് പലയിടത്തും മഴയത്തെിയത്. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ഖുറിയാത്തിലെ വാദീ ഖബീലില്‍ രണ്ട് സ്വദേശികള്‍ മരിച്ചു. 
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പെട്ടതാണ് മരണത്തിന് ഇടയാക്കിയത്. ദാഹിറ ഗവര്‍ണറേറ്റില്‍ വാദീ ദങ്കിലെ വാദീ ബനീ ഖറൂസില്‍ വാദിയില്‍പെട്ട മൂന്നു സ്വദേശികളെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.  മസ്കത്ത്, റുസ്താഖ്, ഇബ്ര,സൂര്‍ അടക്കമുള്ള പല ഭാഗങ്ങളിലും മഴ തുടരുകയാണ്. ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായിട്ടുണ്ട്. വാദികള്‍ നിറഞ്ഞൊഴുകുന്നത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. മസ്കത്ത് ഗവര്‍ണറേറ്റിന്‍െറ പല ഭാഗങ്ങളിലും ഉച്ച മുതല്‍ തന്നെ മഴ ആരംഭിച്ചിരുന്നു. മസ്കത്ത് മേഖലയില്‍ ഇടത്തരം മഴയാണ് പെയ്യുന്നത്. രാത്രിയും മഴ തുടരുന്നുണ്ട്. ചില ഭാഗങ്ങളില്‍ ഇടിയും മിന്നലും കാറ്റും അനുഭവപ്പെട്ടു. പല ഭാഗങ്ങളിലും ഇന്ന് രാവിലെമുതല്‍ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.

അല്‍ അവാബിയില്‍ ഒഴുക്കില്‍പെട്ട കാര്‍
 

പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന മഴ ഗതാഗതത്തെയും ബാധിച്ചു. പല ഭാഗങ്ങളിലും വന്‍ ഗതാഗത കുരുക്കുമുണ്ടായി. മഴയെ തുടര്‍ന്ന് നിരവധി അപകടങ്ങളുമുണ്ടായി. മഴകാരണം മത്ര കോര്‍ണീഷില്‍ വെള്ളിയാഴ്ച ഉച്ചക്കുശേഷം നടത്തേണ്ടിയിരുന്ന റെഡ് ബുള്‍ എഫ് വണ്‍ ഷോ റണ്‍ നിര്‍ത്തിവെച്ചു. രണ്ടു മണിക്കൂര്‍ നടക്കേണ്ടിയിരുന്ന കാര്‍ റൈസ് കുറച്ചുസമയം കൊണ്ട് അവസാനിപ്പിക്കേണ്ടിവന്നു. ദാഹിറ ഗവര്‍ണറേറ്റില്‍ വാദീ ദങ്കില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. വാദീ ഖാറൂസില്‍ ശക്തമായ മഴ കാരണം വാദികള്‍ നിറഞ്ഞൊഴുകി. ജബല്‍ അഖ്ദറിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് വെള്ളിയാഴ്ച ഉച്ചക്കുശേഷമുണ്ടായത്. വാദികള്‍ നിറഞ്ഞൊഴുകിയത് കാരണം ജബല്‍ അഖ്ദറില്‍ വിനോദസഞ്ചാരത്തിനുപോയ നിരവധി പേര്‍ തിരിച്ചുവരാന്‍ ബുദ്ധിമുട്ടി. വാദീ ബനീ ബൂഅലി, ബഹ്ല എന്നിവിടങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. അല്‍ അവാബി, റുസ്താഖ്, നഖല്‍, ബിദ്ബിദ് എന്നിവിടങ്ങളിലും ഇന്നലെ ഉച്ചയോടെ നല്ല മഴ പെയ്തു. ഇബ്രയില്‍ വൈകുന്നേരം നാലോടെ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു.

ഇബ്രി സൂഖിലുണ്ടായ മഴവെള്ളപ്പാച്ചില്‍
 

പല ഭാഗങ്ങളിലും വാദി നിറഞ്ഞൊഴുകാന്‍ തുടങ്ങി. നിസ്വ, ഇബ്രി, ബഹ്ല, റുസ്താഖ്, സിനാന, നഖല്‍ എന്നിവിടങ്ങളില്‍ വാദികള്‍ കവിഞ്ഞാഴുകിയത് ഗതാഗത സ്തംഭനത്തിന് കാരണമായി. ഇബ്രി, നിസ്വ, ദിമാ വ താഈന്‍, നഖല്‍, അവാബി, ഇസ്കി, യങ്കല്‍, ബര്‍ക, സുമൈല്‍ എന്നിവിടങ്ങളിലും മഴ കാരണം വാദികള്‍ രൂപാന്തരപ്പെട്ടു. സുമൈലിന്‍െറ ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷമുണ്ടായി. തെക്കുവടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലും മസ്കത്തിന്‍െറ തെക്കുഭാഗത്തും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.  മഴയുണ്ടാവുമ്പോള്‍ വാദിയില്‍ ഇറങ്ങരുതെന്നും വാഹനങ്ങള്‍ ഇറക്കരുതെന്നും അധികൃതരുടെ മുന്നറയിപ്പുണ്ട്. വെള്ളിയാഴ്ചയുണ്ടായ മഴ റൂവി അടക്കമുള്ള നഗരങ്ങളിലെ കച്ചവടക്കാരെ പ്രതികൂലമായി ബാധിച്ചു.  കൂടുതല്‍പേര്‍ എത്തുന്നതും നല്ല വ്യാപാരം നടക്കുന്നതും വെള്ളിയാഴ്ച ദിവസങ്ങളിലാണ്. എന്നാല്‍, മഴകാരണം ചുരുങ്ങിയ പേര്‍ മാത്രമാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.