മസ്കത്ത്: അവയവദാനത്തെ കുറിച്ച് നിരവധി തെറ്റായ ധാരണകള്‍ സമൂഹത്തില്‍ ഉണ്ടെന്നും ഇത് അകറ്റാന്‍ സര്‍ക്കാറും സന്നദ്ധ സാമൂഹിക സംഘടനകളും മാധ്യമങ്ങളും ചേര്‍ന്നുള്ള കൂട്ടായ ബോധവത്കരണം അനിവാര്യമാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും, കേരള സംസ്ഥാന മരണാനന്തര അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’ യുടെ ചീഫ് കോഓഡിനേറ്ററുമായ ഡോ. തോമസ് മാത്യു അഭിപ്രായപ്പെട്ടു.
എന്നിരുന്നാലും മുന്‍കാലങ്ങളെ അപേക്ഷിച്ച് മരണാനന്തര അവയവദാനത്തിന്‍െറ പ്രസക്തിയും പ്രാധാന്യവും കൂടുതല്‍ പേരിലേക്ക് എത്തിപ്പെടുന്നുണ്ടെന്നും പ്രതീക്ഷ ഒമാന്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ മസ്കത്തിലത്തെിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മരണാനന്തര അവയവദാനമെന്ന ആശയത്തിന് 2012 മുതലാണ് സ്വീകാര്യത കൂടുതലായി കൈവന്നുതുടങ്ങിയത്.
സര്‍ക്കാറിന്‍െറ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് എന്ന സംവിധാനത്തിലൂടെ ഇതിന് ഒരു ഒൗദ്യോഗിക സ്വഭാവം കൈവന്നു. ജീവനുള്ളപ്പോള്‍ നല്‍കാവുന്ന അവയവങ്ങളുടെ എണ്ണത്തിന് പരിധിയുണ്ട്. ഈ സാഹചര്യത്തിലാണ് മരണാനന്തര അവയവദാനത്തിന് പ്രസക്തിയേറുന്നത്. മസ്തിഷ്ക മരണം സംഭവിച്ചവരുടെ 23ഓളം അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയും. 2012 മുതല്‍ ഇതുവരെ മസ്തിഷ്ക മരണം സംഭവിച്ച 202 പേരുടെ അവയവങ്ങളാണ് ദാനം ചെയ്തത്. ഇവരുടെ 550 അവയവങ്ങളാണ് മറ്റുള്ളവരിലൂടെ ഇന്നും ജീവിക്കുന്നത്.
കേരളത്തില്‍ പ്രതിവര്‍ഷം എണ്ണായിരത്തോളം പേര്‍ വാഹനാപകടങ്ങളില്‍ മസ്തിഷ്ക മരണത്തിന് സമാനമായ അവസ്ഥയില്‍ എത്തുന്നുണ്ട്. എന്നാല്‍, ഇതില്‍ 70ഓളം പേരുടെ അവയവങ്ങള്‍ മാത്രമാണ് പ്രതിവര്‍ഷം ദാനം ചെയ്തിട്ടുള്ളത് -ഡോക്ടര്‍ തോമസ് മാത്യു പറഞ്ഞു. കേരളത്തില്‍ ഏതാണ്ട് അയ്യായിരത്തോളം പേര്‍ക്കാണ് അവയവങ്ങള്‍ ആവശ്യമായിട്ടുള്ളതെന്നാണ് കണക്കുകള്‍. ഇതില്‍ ഏതാണ്ട് 1500ഓളം പേര്‍ മാത്രമാണ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവയവങ്ങള്‍ ലഭിക്കുന്ന മുറക്ക് മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. അവയവം ശരീരവുമായി ചേരുന്നതടക്കം പരിശോധനകള്‍ നടത്തിയാണ് മുന്‍ഗണനാക്രമത്തില്‍ തീരുമാനമെടുക്കുന്നത്. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായി ഡയാലിസിസില്‍ അഭയം തേടിയവരാണ് അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവരില്‍ ഭൂരിഭാഗവും.
കരളിനാണ് രണ്ടാമത് ആവശ്യക്കാര്‍. അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം ഒപ്പിടുന്നതിനേക്കാള്‍ പ്രധാനം അവയവദാനത്തിനുള്ള സന്നദ്ധത വീട്ടുകാരെയും ബന്ധുക്കളെയും അറിയിക്കുക എന്നുള്ളതാണെന്നും ഡോക്ടര്‍ പറഞ്ഞു.
മരണശേഷം ബന്ധുക്കള്‍ സമ്മതിക്കാത്തതിനാല്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയാത്ത സ്ഥിതിവിശേഷം പലപ്പോഴും ഉണ്ടായിട്ടുണ്ട്. മസ്തിഷ്ക മരണം സംഭവിച്ച് ആറുമണിക്കൂര്‍ പരമപ്രധാനമാണ്.
ഈ സമയത്ത് മാത്രമാണ് അവയവദാനം സാധ്യമാകൂവെന്നും ഡോക്ടര്‍ തോമസ് മാത്യു പറഞ്ഞു.
കേരളത്തില്‍ അവയവദാനത്തിന് അനുകൂലമായി നിരവധി പ്രചാരണ പരിപാടികള്‍ നടക്കുന്നുണ്ട്. നിരവധി പ്രവാസി സംഘടനകളും മൃതസഞ്ജീവനി പദ്ധതിയുമായി കൈകോര്‍ക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലാണ് നിലവില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ കൂടുതലായും നടക്കുന്നത്. എന്നാല്‍, ഇതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയും.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ നിലവില്‍ ഇതിന് സുസജ്ജമായ സംവിധാനങ്ങളുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൈകാതെ ഇത് നിലവില്‍വരുമെന്നും ഡോക്ടര്‍ തോമസ്മാത്യു പറഞ്ഞു. പ്രവാസികള്‍ക്കിടയില്‍ അവയവദാനത്തിന്‍െറ ആവശ്യകതയെ കുറിച്ച സന്ദേശമത്തെിക്കാന്‍ വ്യാപക ബോധവത്കരണ പരിപാടികള്‍ നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതീക്ഷ ഒമാന്‍ അവയവദാന സെല്‍ കണ്‍വീനര്‍ മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. പ്രതീക്ഷ വൈസ് പ്രസിഡന്‍റ് മൊയ്തു വേങ്ങിലാട്ട്, ജോ.സെക്രട്ടറി ഷിബു ഹമീദ്, ജോ. കണ്‍വീനര്‍ റെജി കെ.തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.