കഠിന ശിക്ഷാ വ്യവസ്ഥകളോടെ  ഒമാനി ശിക്ഷാനിയമത്തില്‍ ഭേദഗതി

മസ്കത്ത്: ആധുനിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്ത ഒമാനി ശിക്ഷാനിയമത്തിന് ശൂറാ കൗണ്‍സിലിന്‍െറ അംഗീകാരം. 1974 മുതല്‍ നിലവിലുള്ള നിയമമാണ് പരിഷ്കരിച്ചത്. സാമ്പത്തികവും സാങ്കേതികവുമായ കുറ്റകൃത്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ശിക്ഷാനിയമം പരിഷ്കരിച്ചതെന്ന് ശൂറാ കൗണ്‍സില്‍ ലീഗല്‍ കമ്മിറ്റി തലവന്‍ ഡോ. മുഹമ്മദ് അല്‍ സദ്ജാലി പറഞ്ഞു. രാജ്യത്തിന്‍െറയും സമൂഹത്തിന്‍െറയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് നിലവിലെ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂവെന്നും അല്‍ സദ്ജാലി ചൂണ്ടിക്കാണിച്ചു. രാജ്യത്ത് ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ സ്വദേശികള്‍ വിദേശത്ത് വെച്ച് നടത്തിയാലും ഒമാനില്‍ അത് കുറ്റാര്‍ഹമായി പരിഗണിക്കുമെന്ന് ഭേദഗതി നിര്‍ദേശം പറയുന്നു. വിദേശികള്‍ക്കും ചില വ്യവസ്ഥകളോടെ സമാനമായ മാനദണ്ഡം ബാധകമാണ്. ഭേദഗതിപ്രകാരം കൂടിയ ജയില്‍ശിക്ഷ 25 വര്‍ഷവും പിഴസംഖ്യ നൂറു റിയാലിനും ആയിരം റിയാലിനും ഇടയിലുമായിരിക്കും. കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണനല്‍കിയവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും ശിക്ഷയായി ലഭിക്കാം. ദുരഭിമാന കൊലകള്‍, ബലാത്സംഗം, വ്യഭിചാരം തുടങ്ങി കുടുംബത്തിനും സമൂഹത്തിനും വിശ്വാസത്തിനും അപമാനമുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കഠിനശിക്ഷ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ബോധപൂര്‍വവും അല്ലാത്തതും എന്നീ നിലകളിലായിരിക്കും ഇനിമുതല്‍ കുറ്റകൃത്യങ്ങളെ കോടതികള്‍ സമീപിക്കുക. മരണശിക്ഷ വിധിക്കപ്പെട്ടവരെ തൂക്കിക്കൊല്ലുന്നതിനുപകരം വെടിവെച്ച് കൊല്ലുന്നതിനും നിയമഭേദഗതി നിര്‍ദേശിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.