വിമാനസര്‍വിസുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യയും ഒമാനും ധാരണ

മസ്കത്ത്: പ്രവാസികള്‍ക്ക് ആശ്വാസമായി ഒമാനില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ധാരണ. പ്രതിവാര സര്‍വിസുകളില്‍ 5131 സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര വ്യോമയാന സമ്മേളനത്തില്‍ ഇരു രാഷ്ട്രങ്ങളിലെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായത്. സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരുരാഷ്ട്രങ്ങളും ഒപ്പിട്ടു. പുതിയ തീരുമാനം നടപ്പില്‍ വരുന്നതോടെ ഒമാനില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകളിലെ സീറ്റുകളുടെ എണ്ണം 21,149 ആയി ഉയരും. നേരത്തേ ഇത് 16,018 ആയിരുന്നു. ഇന്ത്യയില്‍ മറ്റു രാഷ്ട്രങ്ങളിലേക്കുള്ള സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.  ഫിന്‍ലാന്‍ഡ്, കസാഖ്സ്താന്‍, കെനിയ, ഇത്യോപ്യ, സ്വീഡന്‍, നോര്‍വേ, ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വിസും ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക വ്യോമയാന വിപണിയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാറിന്‍െറ തീരുമാനത്തിന്‍െറ ഭാഗമായാണ് സര്‍വിസുകളുടെ വര്‍ധനയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്താല്‍ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വിസ് നടത്താന്‍ തയാറാണെന്ന് ഒമാന്‍ എയര്‍ നേരത്തേ അറിയിച്ചിരുന്നു. നിലവില്‍ ഒമാന്‍ എയര്‍ ഇന്ത്യയിലെ 11വിമാനത്താവളങ്ങളിലേക്ക് ദിനേന 15 സര്‍വിസുകള്‍ നടത്തുന്നുണ്ട്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വിസുകള്‍ ഒമാന്‍ എയര്‍ ഇരട്ടിയാക്കിയിട്ടുണ്ട്. ബംഗളൂരു, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകള്‍ ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നുമുണ്ട്. സര്‍വിസുകള്‍ വര്‍ധിപ്പിക്കുന്നതിന്‍െറ ഗുണഫലം ഇന്ത്യന്‍ കമ്പനികള്‍ക്കും ലഭിക്കും. ഇന്‍ഡിഗോ എക്സ്പ്രസ് കൊച്ചിയില്‍നിന്ന് മസ്കത്തിലേക്ക് സര്‍വിസ് നടത്താന്‍ പദ്ധതിയിടുന്നുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വേസ് എന്നിവയും സര്‍വിസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മിഡിലീസ്റ്റ് രാഷ്ട്രങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിന് അനുസൃതമായി സര്‍വിസുകള്‍ ഇല്ളെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. സീസണ്‍ സമയങ്ങളില്‍ വിമാനങ്ങളില്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യം പതിവാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് പുതിയ തീരുമാനം ഗുണപ്രദമാകും. ദുബൈ അടക്കം തിരക്കേറിയ റൂട്ടുകളില്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ മസ്കത്ത് വഴി പോകാനും സര്‍വിസുകള്‍ വര്‍ധനയിലൂടെ സാധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.