പരിശുദ്ധ റമദാൻ മാസം ആഗതമായിരിക്കുന്നു 30 ദിവസം നോമ്പ് നോറ്റ് പരിശുദ്ധ റമദാനെ മനസ്സും ശരീരവും ശുദ്ധീകരിച്ചു വരവേൽക്കാൻ കാത്തിരിക്കുന്ന ഒരു വലിയ സമൂഹം തന്നെയുണ്ട് ഈ ലോകത്ത്. നോമ്പ് കൊണ്ട് പാപ മുക്തി വരുത്തി സൽകർമങ്ങൾ ചെയ്ത് മുന്നോട്ടുള്ള ജീവിതം ധന്യമാക്കുക എന്നുള്ളതാണ്. ഞാൻ ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു മുസ്തഫ (ഇന്ന് നമ്മോടൊപ്പമില്ല ) അദ്ദേഹത്തിന് ഒറ്റപ്പാലം ടൗണിൽ ഒരു വസ്ത്രവ്യപാര കട ഉണ്ടായിരുന്നു. ആ കാലത്ത് വളരെ പ്രശസ്തമായ സ്ഥാപനം ആയിരുന്നു (അമീൻ ടെക്സറ്റൈൽസ്). അവരുടെ വീടും കടയോട് ചേർന്ന് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിൽ ആയിരുന്നു. നോമ്പ് കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ നോമ്പ് തുറക്കലിന് പങ്കെടുത്തത് ഇന്നും മായാതെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഈ അവസരത്തിൽ മുസ്തഫ അമീനെ ഓർക്കുന്നു, അദ്ദേഹത്തിന്റെ ആത്മാവിനു പരലോകത്തു ശാന്തി ലഭിക്കുവാൻ പ്രാർഥിക്കുന്നു. 30 ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ ജലപാനം ഇല്ലാതെ സന്ധ്യക്ക് ബാങ്ക് വിളി പള്ളികളിൽനിന്നും ഉയരുന്ന സമയത്ത് കാരക്കയും ജ്യൂസും കുടിച്ചു നോമ്പ് തുറ നടത്തുന്ന രീതി കാലങ്ങളായി ആചരിച്ചു പോരുന്ന ഒരു ആചാരം ആണ്. ഇതിൽ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ ഹിന്ദു എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരും ആചരിക്കുന്ന കാഴ്ച ഗൾഫിൽ വന്നപ്പോഴാണ് കാണാൻ സാധിച്ചത്. എന്റെ പ്രവാസകാലം 10 വർഷം പൂർത്തീകരിക്കുന്ന ഈ സമയത്ത് ഞാൻ പൂർണമായും ഈ പ്രക്രിയയിൽ (നോമ്പ് )പങ്കാളി ആവാൻ മാത്രം പൊരുത്തപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം.
ആദ്യം... ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയിരുന്നു എങ്കിലും ഇപ്പോൾ യാതൊരുവിധ ബുദ്ധിമുട്ടും കൂടാതെ നോമ്പ് എടുക്കാൻ പ്രാപ്തി നേടി. വൈകീട്ട് നോമ്പുതുറ ഒരു കൂടിച്ചേരലിന്റെ അഥവാ പങ്കുവെക്കലിന്റ കൂടി വേദിയാണ്. ഒമാനിലെ ഒരുവിധം ഇഫ്താർ പാർട്ടികളിൽ പങ്ക് കൊള്ളാൻ അവസരം സിദ്ധിച്ച ഒരാൾ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഇത്തരം കൂടിച്ചേരലുകൾ, പങ്കുവെക്കലുകൾ യാതൊരുവിധ വേലി കെട്ടും ഇല്ലാതെ (ജാതിയുടെയും മതത്തിന്റെയും പേരിൽ ), മനുഷ്യ മനസ്സുകളിൽ നന്മയുടെയും, സ്നേഹത്തിന്റെയും, സൗഹാർദത്തിന്റെയും വിത്തുകൾ പാകട്ടെ...എല്ലാവർക്കും ഒരു നന്മ നിറഞ്ഞ റമദാൻ ആശംസകൾ നേരുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.