ഒമാന്‍ ഹൗസിനടുത്തുള്ള സാബിത് മസ്ജിദില്‍ നടക്കുന്ന സമൂഹ ഇഫ്താര്‍
മസ്കത്ത്: മാനവികതയുടെയും പങ്കുവെക്കലിന്റെയും ഉന്നതമായ സന്ദേശം പകർന്നുനൽകി പുണ്യ റമദാനിൽ സജീവമായി ഇഫ്താർ സംഗമങ്ങൾ. വിശ്വാസവും സഹോദര്യവും ഒത്തുചേരുന്ന വിശുദ്ധ റമദാനിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ് ഇഫ്താർ സംഗമങ്ങൾ. പകൽ മുഴുവൻ നീണ്ടുനിന്ന വ്രതശുദ്ധിക്കുശേഷം, മഗ് രിബ് ബാങ്കിന്റെ അകമ്പടിയോടെ ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം പങ്കിട്ടു കഴിക്കുമ്പോൾ അത് കേവലം ഒരു വിശപ്പടക്കലിനപ്പുറം, സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വിളംബരമായി മാറുന്നു. ജാതി-മത ചിന്തകൾക്കതീതമായി മനുഷ്യർ ഒത്തുചേരുന്ന ഇത്തരം സംഗമങ്ങൾ സമൂഹത്തിൽ മൈത്രിയും സാഹോദര്യവും നിലനിർത്താൻ സഹായിക്കുന്നവ കൂടിയാണ്. റമദാന്റെ ആരംഭത്തിൽതന്നെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഇഫ്താർ സംഗമങ്ങൾ നടന്നുവരുന്നു.
ഒമാനിലെ ഏറ്റവും വലിയ സമൂഹ ഇഫ്താർ സംഗമം ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ഡെക്കാനി വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27ന് റൂവിയിലെ ക്ലോക്ക് ടവറിൽ നടക്കും. 5,000ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദി കമ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള ഇഫ്താർ കഴിഞ്ഞ 20 വർഷത്തിലേറെയായി വിജയകരമായി നടന്നുവരുന്നുണ്ട്. വിവിധ രാജ്യക്കാർ ഇഫ്താറിൽ പങ്കാളികളാവും.
കെ.എം.സി.സി മത്ര
കെ.എം.സി.സി മത്രയുടെ ആഭിമുഖ്യത്തിൽ ജി.ടി.ഒ ഗ്രൗണ്ടില്‍ നടക്കുന്ന സമൂഹ ഇഫ്താർ
മത്ര: കെ.എം.സി.സി മത്രയുടെ ആഭിമുഖ്യത്തിൽ ജി.ടി.ഒ ഗ്രൗണ്ടില്‍ നടക്കുന്ന സമൂഹ ഇഫ്താറില്‍ ജനപങ്കാളിത്തമേറി. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള നാനാ ദേശ, ഭാഷക്കാരുടെ സംഗമ വേദി കൂടിയായി ജി.ടി.ഒ ഇഫ്താര്‍ മാറുകയാണ്. മത്ര സന്ദർശിക്കാനെത്തുന്ന വിദേശ വിനോദ സഞ്ചാരികളും ഇഫ്താറിന്റെ ഭാഗമാകുന്ന കാഴ്ചകളും ഇവിടെ കാണാനാകുന്നു.
റമദാന് മുപ്പത് ദിവസവും കുറ്റമറ്റ രീതിയിൽ നടക്കുന്ന ഇഫ്താര്‍ മത്ര സൂഖിലെ പീടിക തൊഴിലാളികള്‍ക്കും ബലദിയ പാര്‍ക്കിലെ കയറ്റിറക്ക് ജീവനക്കാര്‍ക്കും ഒമാന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കച്ചവട ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്ന യാത്രക്കാര്‍ക്കുമൊക്കെ ആശ്വാസം പകരുന്നതാണ്. ബലദിയ പാര്‍ക്കിങ് വഴി വാഹനങ്ങളില്‍ കടന്നുപോകുന്നവര്‍ക്കും നോമ്പുതുറ വിഭവങ്ങള്‍ നല്‍കാനും പ്രവര്‍ത്തകര്‍ ശ്രദ്ധ വെക്കുന്നു.
ഒരോ ദിവസവും ഉച്ചയാകുമ്പോള്‍ തന്നെ സംഘാടകര്‍ ഇഫ്താറിന് വേണ്ടുന്ന ഒരുക്കങ്ങളില്‍ മുഴുകിക്കൊണ്ടാണ് ആയിരത്തോളം വരുന്ന നോമ്പുകാര്‍ക്ക് വിരുന്നൊരുക്കുന്നത്. വിവിധ സംരംഭകരുടെ സഹകരണത്തോടെയാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്. മലയാളി കൂട്ടായ്മയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച ജി.ടി.ഒ ഇഫ്താര്‍ കോവിഡ് കാലമായതോടെ നിലച്ചതായിരുന്നു. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കഴിഞ്ഞ റമദാനോടെയാണ് മത്ര കെ.എം.സി.സി. ഇഫ്താര്‍ പുനരാരംഭിച്ചത്.
ഒമാന്‍ ഹൗസിനടുത്തുള്ള സാബിത് മസ്ജിദില്‍ നടന്നു വരാറുള്ള സമൂഹ ഇഫ്താര്‍ ശ്രദ്ധേയമാകുന്നത് മലയാളികളുടെ സംഘാടനത്തില്‍ നടക്കുന്നു എന്നതിനാലാണ്. ഇവിടെ ദിവസവും നോമ്പ് തുറ വിഭവങ്ങള്‍ തയാറാക്കുന്നതും പാചകം ചെയ്യുന്നതും വിളമ്പുന്നതുമൊക്കെ മലയാളികളാണ്. അതുകൊണ്ട് തന്നെ സാബിത് മസ്ജിദില്‍ നോമ്പുതുറക്ക് എത്തുന്നവര്‍ക്ക് ഇവിടത്തെ ഇഫ്താര്‍ വിരുന്നിലെ കേരളീയ രുചിക്കൂട്ട് ആസ്വദിക്കാനാകും എന്ന പ്രത്യേകതയുമുണ്ട്.
മലയാളി സ്റ്റൈലിലുള്ള വിഭവങ്ങള്‍ തയാറാക്കിയാണ് നോമ്പുകാര്‍ക്ക് വിളമ്പുന്നത്. വിവിധ ദേശക്കാരായ നൂറുക്കണക്കിന് ആളുകള്‍ ഇവിടെ നോമ്പ് തുറക്ക് എത്തുന്നുണ്ട്. എല്ലാ വര്‍ഷവും റമസാന്‍ മാസം മുഴുവനും ഇവിടെ മലയാളികള്‍ സംഘാടകരായ നോമ്പ് തുറ മുടങ്ങാതെ നടന്നു വരുന്നു. മലയാളി സംരംഭകരായ സില്‍സില മിഡിലീസ്റ്റ് ഗ്രൂപ്പാണ് ഇഫ്താറിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത്. സാദാത്ത്, ജസീഫര്, ഷാനവാസ് ഖമറു, ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു.
‘നമ്മൾ ചാവക്കാട്ടുകാർ’ ഇഫ്താർ മീറ്റ്
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ അൽഖുവൈർ എം.ഇ.ഡി.ജി ഹാളിൽ സംഘടിപ്പിച്ച നോമ്പുതുറയും കുടുംബ സംഗമവും
മസ്കത്ത്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ നോമ്പുതുറയും കുടുംബ സംഗമവും മസ്കത്ത് അൽഖുവൈർ എം.ഇ.ഡി.ജി ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് ഫൈസൽ വലിയകത്ത് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ആഷിക്ക് മുഹമ്മദ്കുട്ടി സ്വാഗതം പറഞ്ഞു. സംഘടന സ്ഥാപകാംഗം ഷാഹുൽ ഹമീദ് വി.സി.കെ, ഗ്ലോബൽ കോഓഡിനേറ്റർ മുഹമ്മദ് യാസിൻ ഒരുമനയൂർ, കോഓഡിനേറ്റർമരായ സുബിൻ സുധാകരൻ, അബ്ദുൽ ഖാദർ, നസീർ ഒരുമനയൂർ, വെൽഫെയർ കോഓഡിനേറ്റർ അബ്ദുൽ അസിസ്, സുബ്രഹ്മണ്യൻ എന്നിവർ ആശംസ അർപ്പിച്ചു.
ഷാജീവൻ കെ.ആർ, സനോജ്, മൻസൂർ, രാജീവ് ടി.കെ, ബാബു ടി.കെ, മുഹമ്മദ് അൻവർ, ഫൈസൽ ആർ എം, മുഹദുണ്ണി പി.കെ, സമീർ പി.കെ, ശിവജി, ലാലു പി.കെ, മുഹമ്മദ് സഫീർ, ജോസ്, കബീർ കവിത, സരിത ഫൈസൽ, ഷാഹിന മുഹമ്മദ് യാസീൻ, ഗ്രീഷ്മ സുബിൻ, നീഷ്മ സനോജ്, മൈമൂന അബ്ദുൽ ഖാദർ, ജസ്ന മൻസൂർ, നീതു രാജീവ്, സതി ബാബു, ആയിഷ അൻവർ, ഡോ. ജുബീന സഫീർ, സാന്ദ്ര ലാലു എന്നിവർ നേതൃത്വം നൽകി. ട്രഷറർ മനോജ് നരിയംപുള്ളി നന്ദി പറഞ്ഞു.
സീബ് സൗഹൃദ വേദി നോമ്പുതുറ
സീബ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സീബ് സുഖിൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ
മസ്കത്ത്: സീബ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സീബ് സുഖിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാതുറയിൽനിന്നും വിദേശികളും സ്വദേശികളുമടക്കം ആയിരത്തിലധികംപേർ നോമ്പുതുറയുടെ ഭാഗമായി. സീബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ സീബ് സൗഹൃദ വേദി, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളോടൊപ്പം വർഷങ്ങളായി സീബ് സൂഖ് കേന്ദ്രീകരിച്ചു വിപുലമായ രീതിയിൽ ഇഫ്താർ സംഗമവും സംഘടിപ്പിക്കാറുണ്ട്. സാമൂഹിക പ്രവർത്തകരായ നവീൻ മൻസൂർ, ഗോപൻ കാപ്പിൽ, നൗഫൽ പുനത്തിൽ, രാജു ജോൺ, സനൽകുമാർ, ഇക്ബാൽ, സുധാകരൻ, വിനോദ്, ആലപ്പുഴ പ്രസാദ്, പ്രസന്നൻ, കലാപുരുഷൻ, റമിനാസ് എന്നിവർ സമൂഹ നോമ്പുതുറക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.