റോഡപകട തീവ്രത കുറക്കാൻ ഗതാഗത മന്ത്രാലയം പുതുതായി സ്ഥാപിച്ച ഫ്ലെക്സിബ്ൾ റോഡ് ബാരിയറുകൾ
മസ്കത്ത്: റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയും അപകട മരണങ്ങൾ കുറക്കുകയും ചെയ്യുന്നതിനായി ഗതാഗത-വാർത്താ വിനിമയ-വിവര സാങ്കേതിക വിദ്യ മന്ത്രാലയം (എം.ടി.സി.ഐ.ടി) ഫ്ലെക്സിബ്ൾ റോഡ് ബാരിയറുകൾ സ്ഥാപിച്ചു. വാഹനങ്ങൾ റോഡ് ബാരിയറുകളിലേക്ക് ഇടിച്ചുകയറുമ്പോൾ ആഘാതത്തിന്റെ തീവ്രത കുറക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത ഈ ബാരിയറുകൾ ദാഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിലെ ഖറൂത് പ്രദേശത്തെ അപകട സാധ്യതയേറിയ വളവുകളിൽ 300 മീറ്റർ ദൂരത്തിൽ സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. വാഹനം ഇടിച്ചുകയറുന്ന വേളയിൽ ബാരിയറുകളിൽ സ്ഥാപിച്ച സിലിണ്ടറുകൾ കറങ്ങി വാഹനത്തിന്റെ വേഗം ക്രമേണ കുറക്കുന്നതിന് സഹായിക്കും.
അതുവഴി അപകടത്തിന്റെ ആഘാതം കുറയുകയും വാഹനം മറിയാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച ക്രാഷ് ടെസ്റ്റുകളും കൃത്യമായ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചാണ് സിലിണ്ടറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തിറക്കിയ കണക്കുകൾ പ്രകാരം, സ്ഥിരമായി സ്ഥാപിച്ച ബാരിയറുകളിൽ ഇടിച്ചുകയറുന്നതിനെ തുടർന്ന് 2024ൽ ഒമാനിൽ നിരവധി റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ സുരക്ഷാ സംവിധാനം ഇത്തരം അപകടങ്ങളുടെ ആഘാതം കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നടപ്പിലാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.