ഒമാനിൽ വിസ തട്ടിപ്പിനിരയായ കൊല്ലം സ്വദേശികളായ അനൂപിനെയും വിനോദിനെയും പ്രവാസി വെൽഫെയർ അംഗങ്ങൾ മസ്കത്ത് വിമാനത്താവളത്തിൽ യാത്രയയക്കുന്നു
മസ്കത്ത്: വിസ തട്ടിപ്പിന് ഇരയായി മൂന്നു മാസത്തിലേറെയായി ദുരിതത്തിലായ കൊല്ലം ആയൂർ സ്വദേശികളായ അനൂപിനും വിനോദിനും സഹായഹസ്തവുമായി പ്രവാസി വെൽഫെയർ രംഗത്തെത്തി. ശമ്പളം ലഭിക്കാതെ, കൃത്യമായ ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യത്തിൽ അതീവ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധിയിലൂടെയാണ് ഇരുവരും കഴിഞ്ഞത്. വിസിറ്റിങ് വിസയിൽ കൊണ്ടുവന്ന് പണിയെടുപ്പിക്കുകയും വേതനം നൽകാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഇവരുടെ ദുരവസ്ഥ അറിഞ്ഞ പ്രവാസി വെൽഫെയർ ടീം ഇടപെടുകയായിരുന്നു.
മുസന്ന മേഖല പ്രസിഡന്റ് സാദിഖ് പട്ടാമ്പി, ജനസെക്രട്ടറി നസ്റുദ്ദീൻ, കമ്മിറ്റി അംഗം മുഹമ്മദലി പൊന്നാനി, കേന്ദ്ര കമ്മിറ്റി അംഗം ഷമീർ കൊല്ലക്കൻ എന്നിവർ ചേർന്ന് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് വിഷയം കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും അടിയന്തര ഇടപെടൽ ഉറപ്പാക്കുകയും ചെയ്തു.
സംഘടനയുടെ ഇടപെടലിനെ തുടർന്ന് വിസിറ്റ് വിസയുടെ പിഴ തുക ഏറ്റെടുക്കുകയും നാട്ടിലേക്കുള്ള മടക്കയാത്രയിലെ നിയമപ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. പ്രവാസി വെൽഫെയർ കേന്ദ്ര പ്രസിഡന്റ് നൗഷാദ് എടപ്പാൾ, ജനറൽ സെക്രട്ടറി നൗഫൽ കളത്തിൽ, ടീം വെൽഫെയർ ക്യാപ്റ്റൻ നൗഷാദ് പി.കെ, ഫൈനാൻസ് സെക്രട്ടറി ഉബൈസ് ഉസ്മാൻ എന്നിവർ എയർപോർട്ടിൽ എത്തി ഇരുവരെയും യാത്രയാക്കി.
പ്രവാസി വെൽഫെയർ അംഗങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണക്കും വികാരാധീനരായി മറുപടി പറഞ്ഞാണ് ഇരുവരും മടങ്ങിയത്. പ്രതീക്ഷകളോടെ പ്രവാസം തിരഞ്ഞെടുത്ത യുവാക്കളെ അനാഥത്വത്തിലേക്ക് തള്ളുന്ന ഇത്തരം സംഭവങ്ങൾ സമൂഹത്തിന്റെ മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നതാണെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. വിസ തട്ടിപ്പും തൊഴിൽ ചൂഷണവും പോലുള്ള അനീതികൾക്കെതിരെ ശക്തമായി നിലകൊള്ളുന്നതോടൊപ്പം, ഇരകളായ പ്രവാസികളുടെ നിയമസഹായത്തിനും സാമൂഹിക സംരക്ഷണത്തിനും പ്രവാസി വെൽഫെയർ തുടർന്നും ഇടപെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ‘ഒറ്റക്കല്ല, കൂടെയുണ്ട്’ എന്ന സന്ദേശവുമായി പ്രവാസികളുടെ ജീവനും മാനവും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് സംഘടന പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.