ഒമാനിലെ ആദ്യ വൈദ്യുതി കാറിന്‍െറ  വാണിജ്യ ഉല്‍പാദനം 2018ല്‍ ആരംഭിക്കും

മസ്കത്ത്: ഒമാനില്‍ നിര്‍മിച്ച ഇലക്ട്രിക് കാര്‍ നൂര്‍ മജാന്‍െറ വാണിജ്യ ഉല്‍പാദനം 2018ല്‍ ആരംഭിക്കും. ബോഷറിലെ മിസ്ഫയിലെ കേന്ദ്രത്തില്‍നിന്ന് പ്രതിവര്‍ഷം 1008 കാറുകള്‍ പുറത്തിറക്കാമെന്നാണ് പ്രതീക്ഷയെന്നും അറേബ്യന്‍ മേഖലയിലെ ആദ്യ വൈദ്യുതി കാര്‍ വികസിപ്പിച്ചെടുത്ത നൂര്‍ മജാന്‍ കമ്പനി സി.ഇ.ഒ സുല്‍ത്താന്‍ ബിന്‍ ഹമദ് അല്‍ അംറി അറിയിച്ചു. സൂപ്പര്‍കാറിന്‍െറ രൂപഭാവങ്ങളോടെയുള്ള കാറില്‍ പുതുതലമുറ കാറുകളിലെ സൗകര്യങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. ട്രീറ്റഡ് കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കാറിന് അഗ്നിബാധയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ചളുക്കും വിള്ളലും വീഴാത്തതുമാകും കാറിന്‍െറ ബോഡി. 
ഉരുക്കിനേക്കാള്‍ നാലര മടങ്ങ് ശക്തിയുള്ളതും 70 ശതമാനം ഭാരം കുറഞ്ഞതുമാണ് കാര്‍ബണ്‍ ഫൈബര്‍. വിവിധ നിറങ്ങളില്‍ കാര്‍ബണ്‍ ഫൈബര്‍ ലഭ്യമാകുന്നതിനാല്‍ വാഹനം പ്രത്യേകം പെയിന്‍റ് ചെയ്യേണ്ട ആവശ്യമില്ളെന്നും അല്‍ അംറി പറഞ്ഞു. ടൊയോട്ടേ കൊറോള കാറിന്‍െറ വലുപ്പമാണ് ഇതിനുള്ളത്. പ്രോട്ടോടൈപ് ബര്‍ക്കയിലെ വര്‍ക്ഷോപ്പില്‍ എട്ട് എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് കൈകൊണ്ടാണ് നിര്‍മിച്ചത്. ഒരൊറ്റ തവണ ചാര്‍ജ് ചെയ്താല്‍ വേഗതക്കും ഭാരത്തിനും അനുസരിച്ച് 400 മുതല്‍ 600 കിലോമീറ്റര്‍ വരെ കാര്‍ ഓടും. സിംഗ്ള്‍ ഫേസില്‍നിന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതുപോലെ ഇത് ചാര്‍ജ് ചെയ്യാം. സിംഗ്ള്‍ ഫേസില്‍നിന്ന് നാലുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ മതി. കാര്‍ വാങ്ങി 20 വര്‍ഷത്തിനുശേഷം മാത്രമേ ആദ്യ അറ്റകുറ്റപ്പണി ആവശ്യമായി വരുകയുള്ളൂവെന്നും സി.ഇ.ഒ അറിയിച്ചു.  
സൗരോര്‍ജംകൊണ്ട് പ്രവര്‍ത്തിക്കുന്ന എയര്‍കണ്ടീഷനിങ് സംവിധാനമാണ് ഇതിന്‍െറ ഏറ്റവും വലിയ പ്രത്യേകത. മുകളിലേക്ക് തുറക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ഇതിനുള്ളത്. കാറിലെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യാന്‍ ബ്ളാക്ബോക്സും ഉണ്ട്. ബ്ളാക്ബോക്സ് ആര്‍.ഒ.പിക്ക് മാത്രമേ തുറക്കാന്‍ കഴിയുകയുള്ളൂ. ആന്‍റി കൊളീഷന്‍ സെന്‍സറുകളും ഉണ്ട്. അകത്തും പുറത്തുമായുള്ള കാമറകള്‍ ഉള്ളിലും പുറത്തുമുള്ള സംഭവങ്ങള്‍ റെക്കോഡ് ചെയ്യും. മണിക്കൂറില്‍ 260 കിലോമീറ്ററാകും പരമാവധി വേഗം.  3.6 സെക്കന്‍ഡുകൊണ്ട് 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ കഴിയും. പൂജ്യം ശതമാനം കാര്‍ബണ്‍ മാത്രമാണ് കാര്‍ പുറന്തള്ളുകയെന്നും അല്‍ അംറി അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.