വാദി ബനി ഹറൂസ്: ചരിത്രവും പ്രകൃതിയും സംഗമിക്കുന്ന താഴ്വര

മസ്കത്ത്: ഒമാന്റെ പ്രകൃതിഭംഗിയും ചരിത്രവും ഒരുപോലെ ഒത്തുചേരുന്ന സുന്ദരമായ ഒരിടമാണ് വാദി ബനി ഹറൂസ്. ഒമാനിലെ ഏറ്റവും പ്രശസ്തവും ചരിത്രപ്രാധാന്യമുള്ളതുമായ താഴ്വരകളിൽ ഒന്നായ വാദി ബനി ഹറൂസ്, പച്ചപ്പും മലനിരകളും പുരാതനമായ ഗ്രാമങ്ങളും ചേർന്ന് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. വിസ്മയിപ്പിക്കുന്ന പാറക്കെട്ടുകളാൽ രൂപംകൊണ്ട വൈവിധ്യമാർന്ന ഭൂപ്രകൃതി ഈ പ്രദേശത്തിന് പ്രത്യേകമായ ചരിത്ര-സാംസ്കാരിക സ്വഭാവം നൽകുന്നു.

തെക്കൻ ബാത്തിന ഗവർണറേറ്റിലെ അൽ അവാബി വിലായത്തിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. നഖലിനോടടുത്ത പ്രദേശം കൂടിയാണിത്. ഒമാന്റെ പുരാതന ചരിത്രത്തിന് സാക്ഷ്യം വഹിക്കുന്ന ഒരിടം. ശിലാചിത്രങ്ങളും പുരാതന വീടുകളും പഴയ ലിഖിതങ്ങളുമൊക്കെ ഇവിടെ കാണാം. ചരിത്രരേഖകൾ പ്രകാരം നിരവധി ഇമാമുമാരും പണ്ഡിതന്മാരും കവികളും ഇവിടെ വസിച്ചിരുന്നു. വാദി ബനി ഹറാസ് എന്നും ഈ പ്രദേശം അറിയപ്പെടുന്നുണ്ട്.

ഫലഭൂയിഷ്ഠമായ മണ്ണും ശുദ്ധജലവും ഇൗ താഴ്വരയെ കൃഷിക്ക് അനുയോജ്യമാക്കുന്നു. മുന്തിരി, മാങ്ങ, മാതളനാരങ്ങ, പീച്ച്, അത്തിപ്പഴം, ഒലീവ് എന്നിവ ഇവിടെ സമൃദ്ധമായി വളരുന്നു. ഒമാന്റെ തനതായ ജലസേചന രീതിയായ ഫലജ് സംവിധാനം ഉപയോഗിച്ചാണ് ഇവിടത്തെ തോട്ടങ്ങളിൽ വെള്ളമെത്തിക്കുന്നത്. സഖ്‌ലയിൽ പടിഞ്ഞാറ് നിന്ന് ഒഴുകുന്ന ഫലജ് അൽ മുഹൈദിത്തും കിഴക്ക് നിന്ന് വരുന്ന ഫലജ് അൽ ഐനും ചേർന്ന് ഒരേ കൃഷിസ്ഥലങ്ങളെ ജലസേചനം ചെയ്യുന്നു. ‘അൽ ലജൽ’ എന്നറിയപ്പെടുന്ന കുളങ്ങളിലൂടെയാണ് വെള്ളം ശേഖരിക്കുന്നത്. ആദ്യം കല്ലും സറൂജും ഉപയോഗിച്ച് നിർമ്മിച്ച ഇവ പിന്നീട് സിമന്റുപയോഗിച്ച് പുതുക്കിപ്പണിതതാണ്.

താഴ്വരയുടെ ഉള്ളിലേക്ക് ചെല്ലുന്തോറും മനോഹരമായ മലയോര ഗ്രാമങ്ങൾ കാണാം. സഖ്‌ല, അൽ ഫൈഖ്, അൽ ഉവൈനത്ത്, അൽ മുബൈൻ, അൽ ഹാജിർ എന്നിവ ഉൾപ്പെടുന്ന ചെറുതും മനോഹരവുമായ ഗ്രാമങ്ങളുടെ സമുച്ചയമാണ് ഈ വാദി. ഇവയിൽ ഏറ്റവും വലിയതും കാർഷിക പ്രവർത്തനങ്ങളിൽ സജീവവുമായ ഗ്രാമം അൽ ഫൈഖാണ്. മലമുകളുകളിലും താഴ്വരകളുടെ അരികുകളിലുമായി ചിതറിക്കിടക്കുകയാണ് ഈ ഗ്രാമങ്ങൾ. താഴ്വരയുടെ ഏറ്റവും ഉള്ളിലായുള്ള പ്രധാന ഗ്രാമമാണ് അൽ ആലിയ. മനോഹരമായ കൃഷിയിടങ്ങളും പഴയ വീടുകളും ഇവിടത്തെ പ്രത്യേകതയാണ്. സ്താൽ, സന, അൽ മർഖ് തുടങ്ങിയവ പർവത ചരിവുകളിൽ തട്ടുതട്ടായുള്ള കൃഷിയിടങ്ങൾ കാണാൻ കഴിയുന്ന സുന്ദരമായ ഗ്രാമങ്ങളാണ്. അൽ ഫൈഖിൽ നാരങ്ങ, പപ്പായ, മുന്തിരി എന്നിവയുള്‍പ്പെടെയുള്ള സ്ഥിരവിളകളും ഉള്ളി, വെളുത്തുള്ളി, മധുരക്കിഴങ്ങ് തുടങ്ങിയ സീസണൽ വിളകളും കൃഷി ചെയ്തുവരുന്നു.

ഹജർ മലനിരകളുടെ ഭാഗമായ ഇവിടത്തെ പാറക്കെട്ടുകൾക്ക് ദശലക്ഷക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഹൈക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ഇവിടം പ്രിയപ്പെട്ടതാണ്. അൽ അവാബി ഫോർട്ടിൽ നിന്ന് ആരംഭിച്ച് ജബൽ അഖ്‌ദറിലേക്ക് പോകുന്ന വിവിധ പർവത പാതകൾ വാദി ബനി ഹറൂസിലൂടെ കടന്നുപോകുന്നു.

വാദി ബനി ഹറൂസ് ജിയോ-ടൂറിസം, പൈതൃക സഞ്ചാരം, സാംസ്കാരിക വിനോദസഞ്ചാരം എന്നിവയിൽ താൽപര്യമുള്ളവരെയും പ്രാചീന മലമ്പാതകൾ അന്വേഷിക്കുന്നവരെയും ആകർഷിക്കുമെന്ന് തെക്കൻ ബാത്തിന ഗവർണറേറ്റിലെ പൈതൃക-സഞ്ചാര വകുപ്പിന്റെ ഡയറക്ടർ ഡോ. അൽ മുഅ്തസിം ബിൻ നാസർ അൽ ഹിലാലി പറഞ്ഞു. വാദിയിലെ ഗ്രാമങ്ങളെ ജബൽ അഖ്ദർ വിലായത്തിലെ അൽ സുവ്ജ്രയുമായി ബന്ധിപ്പിക്കുന്ന ഒരു ചരിത്രപാതയുണ്ട്. അഞ്ചു മണിക്കൂറിലേറെ നീളുന്ന ഈ യാത്ര മലമ്പ്രദേശങ്ങളിലൂടെയും മനോഹരമായ ഇറക്കങ്ങളിലൂടെയും കടന്നുപോകുന്നു. ഒലീവ് വർഗത്തിലെ മരങ്ങൾ, ഡൊഡോണിയ, കൂടാതെ പ്രാദേശിക സസ്യങ്ങളായ തൈം എന്നിവയാൽ സമൃദ്ധമായ പ്രകൃതിസൗന്ദര്യം ഇവിടെ ആസ്വദിക്കാം.

വാദിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ‘ബാബുൽ ഷാസ്’ (ഷാസ് ആർച്ച്). പ്രകൃതിയുടെ കരവിരുതിൽ രൂപംകൊണ്ട ഈ പാറ ഭാഗം ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടകേന്ദ്രമാണ്. വാദിയിലേക്കും ഗ്രാമങ്ങളിലേക്കുമുള്ള യാത്രകളിൽ ഇടത്താവളമായി പ്രവർത്തിച്ചിരുന്ന ഈ സ്ഥലം പ്രാദേശിക കഥകളിലും പാരമ്പര്യങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.

700 വർഷത്തിലേറെ പഴക്കമുള്ള (ഹിജ്റ വർഷം 709 ) അൽ ജാമി മസ്ജിദ് സഖ്‌ലയിൽ സ്ഥിതി ചെയ്യുന്നു. ചളിയും മലയിലെ കല്ലുകളും ഉപയോഗിച്ച് നിർമ്മിച്ച ഈ പള്ളി ഗ്രാമത്തിലെ കിഴക്കൻ ഫലജായ ഫലജ് അൽ ഐനിന്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

വാദി ബനി ഹറൂസിലെ പാതകളിലുടനീളം, പ്രത്യേകിച്ച് സഖ്‌ലിലേക്കുള്ള വഴിയിൽ ചിതറിക്കിടക്കുന്ന പുരാതന ശവകുടീരങ്ങൾ ഈ പ്രദേശത്തിന്റെ ദീർഘമായ മനുഷ്യവാസചരിത്രത്തിന് തെളിവുകളാണെന്നും ഡോ. അൽ മുഅ്തസിം ബിൻ നാസർ അൽ ഹിലാലി പറഞ്ഞു.

മസ്കത്തിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ ദൂരത്തിലാണ് അൽ അവാബി സ്ഥിതി ചെയ്യുന്നത്. ടാർ റോഡുകൾ വഴി കാറിൽ ഇവിടേക്ക് സുഖമായി യാത്ര ചെയ്യാം. എങ്കിലും ഉൾപ്രദേശങ്ങളിലെ ഗ്രാമങ്ങൾ കാണാൻ ഫോർ വീൽ ഡ്രൈവ് വാഹനങ്ങളാണ് കൂടുതൽ അനുയോജ്യം.

ഒമാനിലെ ഗ്രാമീണ ഭംഗിയും ശാന്തതയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് വാദി ബനി ഹറൂസ്.

Tags:    
News Summary - Wadi Bani Harus: A valley where history and nature meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.