ചരിത്രംകുറിച്ച് സിറിയന്‍ വിദേശകാര്യ മന്ത്രി ഒമാനില്‍

മസ്കത്ത്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍െറ ആദ്യപടിയായി സിറിയന്‍ വിദേശകാര്യ മന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം. 2011ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം സിറിയന്‍ വിദേശകാര്യ പ്രവാസികാര്യ മന്ത്രിയായ വാലിദ് അല്‍ മൊഅല്ലം സന്ദര്‍ശിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യംകൂടിയാണ് ഒമാന്‍. ചരിത്രത്തിലിടംപിടിക്കുന്ന സന്ദര്‍ശനത്തിനായാണ് വ്യാഴാഴ്ച വാലിദ് അല്‍ മൊഅല്ലം ഒമാനിലത്തെിയത്. ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജനറല്‍ ദിവാനില്‍ വിദേശകാര്യ മന്ത്രി യൂസുഫ് അല്‍ അലവി ബിന്‍ അബ്ദുല്ല സിറിയന്‍ വിദേശകാര്യ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. 
അറബ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സുപ്രധാന വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ചചെയ്തു. പരസ്പരതാല്‍പര്യമുള്ള വിഷയങ്ങളിലാണ് ചര്‍ച്ച നടന്നതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സഹോദര രാജ്യങ്ങള്‍ തമ്മിലെ സഹകരണം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. 
അന്താരാഷ്ട്ര നിരീക്ഷകര്‍ ഉറ്റുനോക്കുന്ന ചര്‍ച്ചയില്‍ സിറിയന്‍ വിദേശകാര്യ സഹമന്ത്രി ഫൈസല്‍ മെക്ദാദ്, ഒമാന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി അഹമ്മദ് ബിന്‍ യൂസുഫ് അല്‍ ഹാര്‍ത്തി, ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.  സിറിയയിലെ ആഭ്യന്തരയുദ്ധം പരിഹരിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍തന്നെ നടക്കുന്ന ശ്രമങ്ങള്‍ക്ക് നാലു വര്‍ഷത്തിനുശേഷമുള്ള സിറിയന്‍ വിദേശകാര്യ മന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം ് ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും തമ്മില്‍ നിലനിന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ആണവ കരാറില്‍ ഒപ്പുവെക്കുന്നതിലും ഒമാന്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സിറിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇറാനുമായി ഒമാന് മികച്ച ബന്ധമാണുള്ളത്. 
ഈ സാഹചര്യത്തില്‍ സിറിയന്‍ വിദേശകാര്യ മന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ആഭ്യന്തരയുദ്ധം അവസാ നിപ്പിക്കുന്നതിനുള്ള നിര്‍ണായക പരിശ്രമങ്ങള്‍ക്ക് ഒന്നിച്ചുനീങ്ങാന്‍ മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായതായി സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ ‘സന’ റിപ്പോര്‍ട്ട് ചെയ്തു.  സിറിയന്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായും ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് കരുത്തുപകരുന്ന രീതിയിലും പ്രവര്‍ത്തിക്കുന്നതിനും സ്ഥിരതയും പരമാധികാരവും ഉറപ്പുവരുത്തുന്നതിനും ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചതായി ‘സന’ റിപ്പോര്‍ട്ട് ചെയ്തു.  വാലിദ് അല്‍ മൊഅല്ലം ഈയാഴ്ച ആദ്യം ഇറാനും സന്ദര്‍ശിച്ചിരുന്നു. 
പ്രശ്നപരിഹാരത്തിന് ഇറാനും റഷ്യയും അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആഗോള പോരാട്ടത്തിന് അന്താരാഷ്ട്ര മുന്നണി രൂപപ്പെടുത്തുന്നത് സംബന്ധിച്ചും ഇറാനില്‍ ചര്‍ച്ച നടന്നിരുന്നു. ഭീകരവാദസംഘടനകളെ നേരിടുന്നതിന് സിറിയക്ക് എല്ലാ പിന്തുണയും ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി വാഗ്ദാനം ചെയ്തിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.