ലോക മുലയൂട്ടൽ വാരാഘോഷ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ബോധവത്കരണ കാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ്

ലോക മുലയൂട്ടൽ വാരാഘോഷം; ബോധവത്കരണ കാമ്പയിൻ ആരംഭിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ലോക മുലയൂട്ടൽ വാരാഘോഷ ഭാഗമായി ‘മുലയൂട്ടലിന് ഒരുമിച്ച് പിന്തുണ നൽകാം’ പ്രമേയത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ആഗസ്റ്റ് ഒന്നുമുതൽ ഏഴുവരെയാണ് വാരാചരണം. മുലയൂട്ടലിന്റെ പ്രാധാന്യവും അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യം പരിരക്ഷിക്കുന്നതിൽ അതിന്റെ പങ്കും സംബന്ധിച്ച് അവബോധം വളർത്തുകയാണ് ലക്ഷ്യം. രാജ്യത്തെ അഞ്ച് വലിയ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ശിൽപശാലകൾ, അമ്മമാർക്കുള്ള കൺസൾട്ടേഷനുകൾ തുടങ്ങിയ പരിപാടികൾ നടക്കും.

ബോധവത്കരണ ബാനറുകളും കിയോസ്കുകളും സ്ഥാപിച്ചിട്ടുണ്ട്. മുലയൂട്ടലിനെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് നൽകുക, കുടുംബങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, ആരോഗ്യകരമായ രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയും കാമ്പയിൻ ലക്ഷ്യമിടുന്നു.

കുട്ടികൾക്ക് ജീവിതത്തിൽ മികച്ച തുടക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കാമ്പയിൻ ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ പോഷകാഹാര ഭക്ഷ്യ വകുപ്പ് ഡയറക്ടർ ഡോ. ഹസ്ന അയാദ് പറഞ്ഞു. അമ്മമാർക്ക് പ്രസവാനന്തര വീണ്ടെടുപ്പിന് സഹായിക്കുന്നതിനൊപ്പം, സ്തനാർബുദം, അണ്ഡാശയ അർബുദം, ടൈപ്പ് 2 പ്രമേഹം എന്നിവക്കുള്ള സാധ്യത കുറക്കാനും മുലയൂട്ടൽ സഹായകമാണ്. അമ്മമാരുടെ മാനസികാരോഗ്യത്തിനും അമ്മയും കുട്ടിയും തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇത് സംഭാവന നൽകുന്നുവെന്ന് ഡോ. ഹസ്ന അയാദ് ഉൗന്നിപ്പറഞ്ഞു. 

Tags:    
News Summary - ലോക മുലയൂട്ടൽ വാരാഘോഷം; ബോധവത്കരണ കാമ്പയിൻ ആരംഭിച്ച് ആരോഗ്യ മന്ത്രാലയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.