കുവൈത്ത് സിറ്റി: ഒക്ടോബർ മുതൽ ഡിസംബർ വരെ കുവൈത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസിൽ ആശങ്ക. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഈ മാസങ്ങളിൽ കുവൈത്തിൽനിന്നും തിരിച്ചുമുള്ള സർവിസുകളിൽ മാറ്റം ഉള്ളതായാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകുന്ന സൂചന. എന്നാൽ സർവിസുകൾ പൂർമായും റദ്ദാക്കുമോ, അതോ നിലവിലുള്ള സർവിസുകൾ വെട്ടിക്കുറക്കുകയാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
അതേസമയം, ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകുന്നില്ലെന്ന് യാത്രക്കാരും ട്രാവൽസ് രംഗത്തുള്ളവരും പറയുന്നു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും തിരിച്ചും കുവൈത്തിൽനിന്ന് നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സർവിസ് നടത്തുന്നത്. കോഴിക്കോട്ടേക്ക് ആഴ്ചയിൽ നാല് സർവിസും കണ്ണൂരിലേക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവിസും ആണുള്ളത്.
ഈ സർവിസുകൾ നിലച്ചാൽ ഈ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ ദുരിതത്തിലാകും. യാത്രക്കാർ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടിയും വരും. ഇത് യാത്രാസമയവും ചെലവും വർധിക്കാനിടയാക്കും.
കണ്ണൂരിലേക്ക് ഇൻഡിഗോ സർവിസ് ഉണ്ടെങ്കിലും ഹൈദരാബാദ്, മുംബൈ എന്നിവ വഴിയാണ്. കോഴിക്കോട്ടേക്ക് സലാം എയർ, എയർ അറേബ്യ എന്നിവയും സർവിസ് നടത്തുന്നുണ്ട്. ഇവയും മറ്റ് രാജ്യങ്ങളിലെ വിമാനത്താളങ്ങൾ വഴിയാണ് കോഴിക്കോട് എത്തുക.
കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ മലയാളികൾക്കൊപ്പം ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നവരും എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നിലച്ചാൽ ആശങ്കയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.