കുവൈത്ത് സിറ്റി: കുവൈത്ത് പ്രദേശം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് രാജ്യം. സംഭവത്തെ ‘ഹീനമായ ഇറാനിയൻ ആക്രമണം’ എന്ന് വിശേഷിപ്പിച്ച കുവൈത്ത്, രാജ്യത്തിന്റെ പരമാധികാരം, വ്യോമാതിർത്തി, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇതെന്ന് ചൂണ്ടികാട്ടി.
ഈ ക്രൂരമായ ആക്രമണത്തിന് മറുപടിയായി ആക്രമണത്തിന്റെ വ്യാപ്തിക്കും സ്വഭാവത്തിനും ആനുപാതികമായും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായും, ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരം കുവൈത്തിന് സ്വയം പ്രതിരോധത്തിനുള്ള പൂർണ്ണ അവകാശമുണ്ടെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സ്വന്തം പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്ന വിധത്തിൽ തങ്ങളുടെ പ്രദേശത്തെയും ജനങ്ങളെയും താമസക്കാരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അംഗീകൃത നടപടിക്രമങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണത്തെ വിജയകരമായി ചെറുത്തതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ ഇത്തരം ആക്രമണാത്മക സൈനിക പ്രവർത്തനങ്ങൾ തുടരുന്നത് പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.