ഇസ്ലാം ആരാധനകളിൽ മാത്രം അധിഷ്ഠിതമായ മതമല്ല. ആരാധനകളും ആത്മീയ അനുഷ്ഠാനങ്ങളും ഉള്ളതോടൊപ്പം സാമൂഹിക ഉത്തരവാദിത്തങ്ങൾ കൂടി ഉൾക്കൊള്ളുന്ന ദർശനമാണ്. സമ്പത്തിൽ വ്യക്തിപരമായി ഉടമസ്ഥതയുള്ളത് പോലെ, അതിൽ സമൂഹത്തിനും അവകാശമുണ്ടെന്ന് ഇസ്ലാമിക ദർശനം പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഐച്ഛിക ദാനം പോലെ ഇസ്ലാമിൽ നിർബന്ധ ദാനവും ഉണ്ട്.
പരിശുദ്ധ ഖുർആൻ ധാരാളം സൂക്തങ്ങളിൽ സകാത്തിനെ നമസ്കാരത്തോടൊപ്പം ചേർത്ത് പറയുന്നു: ‘നിങ്ങൾ നമസ്കാരം നിലനിർത്തുകയും സകാത്ത് നൽകുകയും ചെയ്യുക’. നമസ്കരിക്കുന്നവർ ദാനം നൽകുകയും വേണമെന്ന കാഴ്ചപ്പാടാണിത്. സമ്പത്ത് ശേഖരിക്കാൻ മാത്രമുള്ളതല്ല, പങ്കിടാൻ കൂടിയുള്ളതാണ്. സമ്പന്നരുടെ സമ്പത്തിൽ ദരിദ്രരുടെ അവകാശ വിഹിതം ഉണ്ടെന്ന ബോധം വളർത്തുന്ന ഒരു സാമൂഹിക നീതിദർശനമാണ് ഇസ്ലാം. മുഹമ്മദ് നബി പറഞ്ഞു: ‘ദാനം സമ്പത്തിൽ കുറവ് വരുത്തുകയില്ല’. ഈ വചനം ദാനത്തിന്റെ ആത്മീയവും സാമൂഹികവുമായ വശങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നു. അത് മനസ്സിനെ പിശുക്കിൽനിന്ന് ശുദ്ധീകരിക്കുന്നു, ഹൃദയ വിശാലത നൽകുന്നു, ഉള്ളിൽ കരുണയും സഹജീവി സ്നേഹവും വളർത്തുന്നു, സമൂഹത്തിന്റെ വളർച്ച ഉറപ്പാക്കുന്നു.
റമദാൻ മാസത്തിൽ ദാനം കൂടുതൽ സജീവമാകുന്നു. അത് പങ്കിടലിന്റെയും സഹാനുഭൂതിയുടെയും മാസമാണ്. ദാനം നൽകുന്നതിനെ ആരാധനയാക്കിയ ദർശനം മനുഷ്യനെ സ്വാർഥതയിൽനിന്ന് സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുന്നവനാക്കി ഉയർത്തുന്നു. ദാനം ചെയ്യുന്ന കൈകൾ എന്നും ഉയരത്തിൽ തന്നെയായിരിക്കും. നൽകുന്നവൻ എന്നും നൽകിക്കൊണ്ടിരിക്കുകയും, വാങ്ങുന്നവൻ എന്നും വാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥായിയായ ഒരു വ്യവസ്ഥ സൃഷ്ടിക്കുക എന്നതല്ല ഇസ്ലാമിന്റെ അജണ്ട. ഇന്നത്തെ സ്വീകർത്താവ് നാളത്തെ ദാദാവായി മാറണം. വ്യക്തികളുടെയും സാമൂഹിക സാരംഭങ്ങളുടെയും വളർച്ച സാധ്യമാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.