കുവൈത്തിൽ വ്യാപക സുരക്ഷ പരിശോധന
കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ പരിശോധന തുടരുന്നു. സാദ് അൽ അബ്ദുള്ള മേഖലയിൽ നടന്ന പരിശോധനയിൽ 151 നിയമലംഘനങ്ങളും അറസ്റ്റുകളും രേഖപ്പെടുത്തി. 61 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. അറസ്റ്റ് വാറന്റുള്ള 20 പേരെയും അഞ്ചു തെരുവുകച്ചവടക്കാരെയും അറസ്റ്റ് ചെയ്തു.
മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കേസുകളും രജിസ്റ്റർ ചെയ്തു. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ രേഖകളില്ലാത്ത 43 പേരെയും താമസരേഖാ നിയമങ്ങൾ ലംഘിച്ച 12 പേരെയും കസ്റ്റഡിയിലെടുത്തു. അനധികൃത കച്ചവടം നടത്തിയ മൂന്നു വാഹനങ്ങളും കടകളും പിടിച്ചെടുത്തു.
കോടതി ഉത്തരവ് പ്രകാരം കണ്ടുകെട്ടേണ്ട രണ്ടു വാഹനങ്ങൾ പിടിച്ചെടുത്തു. കടബാധ്യതയുമായി ബന്ധപ്പെട്ട കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു. നിയമലംഘകരെ പിടികൂടൽ, സുരക്ഷ ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവർക്കും നിയമലംഘനം നടത്തിയവർക്കും എതിരെ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.