കുവൈത്ത് സിറ്റി: കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ വെള്ളം കയറിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വ്യോമഗതാഗതത്തിെൻറ ചുമതലയുള്ള പൊതുസേവന വകുപ്പ് മന്ത്രി ഡോ. ജിനാൻ ബൂഷഹരിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിനായി പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
പ്രതലത്തിൽ വെള്ളം കെട്ടിനിന്നതിനാൽ വ്യോമഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടിരുന്നു. ഒറ്റ മഴകൊണ്ട് വെള്ളം കെട്ടിനിന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയുണ്ടെന്നാണ് നിരീക്ഷണം. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിലുണ്ടായ പരാജയമാണ് പ്രശ്നത്തിന് കാരണം.
യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങളിൽ മാപ്പപേക്ഷിച്ച മന്ത്രി ഇത്തരം സംഭവങ്ങൾ ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്നും ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. ഇൗ സീസണിലെ ഏറ്റവും വലിയ മഴയുണ്ടായ ബുധനാഴ്ചയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ റൺവേയിൽ വെള്ളം കെട്ടിനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.