കുവൈത്ത് സിറ്റി : വഖഫ് ഭേദഗതി നിയമത്തിനെതിരായ നിയമ നടപടികളിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് സംഘടനകൾ. നിലവിലുള്ള വഖഫ് സ്വത്തുക്കൾക്ക് ഒരു മാറ്റവും വരുത്തരുതെന്ന ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ വിധി പ്രത്യാശ പകരുന്നതാണെന്ന് കുവൈത്തിലെ വിവിധ സംഘടനകൾ വിലയിരുത്തി.
വഖഫ് സ്വത്തുക്കളിൽ ഒരാഴ്ചത്തേക്ക് തൽസ്ഥിതി തുടരണമെന്ന പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് പ്രത്യാശ പകരുന്നതാണെന്ന് കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് അഭിപ്രായപ്പെട്ടു.
വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്നും വഖഫ് സ്വത്തുക്കളിൽ മാറ്റം വരുത്തരുതെന്നുമുള്ള കോടതിയുടെ കർശന നിർദേശമാണ് ഉത്തരവിലുള്ളത്. ഭരണഘടന വിഭാവന ചെയ്യുന്ന മത സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്ന, വിവേചനപരവും ഭരണഘടന വിരുദ്ധവുമായ സർക്കാർ നീക്കത്തിനെതിരെ രാജ്യം ഇന്നോളം കണ്ടിട്ടില്ലാത്ത നിയമ പോരാട്ടത്തിനാണ് സുപ്രീം കോടതിയിൽ തുടക്കം കുറിച്ചിരിക്കുന്നത്.
ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരമായും പ്രക്ഷോഭമായും തെരുവിൽ നിലയുറപ്പിച്ച പ്രതിപക്ഷ കക്ഷികൾക്കും മത സാമൂഹിക പ്രസ്ഥാനങ്ങൾക്കും കോടതിയുടെ ഇടക്കാല ഉത്തരവ് പ്രതീക്ഷ നൽകുന്നതാണെന്നും കെ.ഐ.ജി കുവൈത്ത് ചൂണ്ടിക്കാട്ടി.
വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് മതേതര വിശ്വാസികൾക്ക് ആശ്വാസം പകരുന്നതാണെന്ന് കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
നിയമ നിർമാണ സഭകളിലെ ഭൂരിപക്ഷം മുൻ നിർത്തി മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ നിഷ്കാസനം ചെയ്യാനുള്ള സംഘ് പരിവാറിന്റെ ശ്രമങ്ങൾക്കുള്ള താൽക്കാലിക തിരിച്ചടിയാണിത്.
ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥ ഫാഷിസത്തിന്റെ കൈപ്പിടിയിലൊതുങ്ങില്ലെന്ന വിശ്വാസമാണ് ഇന്ത്യയിലെ ബഹുഭൂരിഭാഗം വരുന്ന മതേതര വിശ്വാസികൾക്കും ന്യൂനപക്ഷ സമുദായങ്ങൾക്കുമുള്ളത്.
കോടതി വിധി പ്രതീക്ഷ നൽകുന്നതാണെന്നും മതേതര വിശ്വാസികൾ തുടർന്നും ജാഗ്രത പുലർത്തണമെന്നും കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.