അനുകൂല നിലപാട് സ്വീകരിച്ചില്ളെങ്കില്‍  പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ –തബ്തബാഇ എം.പി

കുവൈത്ത് സിറ്റി: വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട കരട് നിര്‍ദേശങ്ങളോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ളെങ്കില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിനെതിരെ കുറ്റവിചാരണാ പ്രമേയം കൊണ്ടുവരുമെന്ന് പാര്‍ലമെന്‍റ് അംഗം ഡോ. വലീദ് അല്‍ തബ്തബാഇ പറഞ്ഞു. പൗരത്വം, സ്പോര്‍ട്സ്, ഇന്ധനവില, വൈദ്യുതി നിരക്ക് തുടങ്ങിയ വിഷയങ്ങളില്‍ പുനരാലോചന ആവശ്യപ്പെട്ട് സമര്‍പ്പിച്ച കരട് പ്രമേയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. മാര്‍ച്ച് ഏഴിന് ചേരുന്ന പാര്‍ലമെന്‍റിന്‍െറ അടുത്ത സെഷന്‍ വരെ ഇക്കാര്യത്തില്‍ സര്‍ക്കാറിന് സമയം അനുവദിക്കും. അതുകഴിഞ്ഞാല്‍ ഏതുസമയവും പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ കൊണ്ടുവരുമെന്ന് പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. വ്യക്തികളുടെ പൗരത്വം റദ്ദാക്കാനുള്ള അവകാശം കോടതിയില്‍ പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതാണ് ഇതില്‍ ഒന്ന്. കായികമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ കുവൈത്തിനെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാന്‍ നടപടിവേണമെന്ന ആവശ്യവും പാര്‍ലമെന്‍റില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വൈദ്യുതി, ഇന്ധന വില വര്‍ധിപ്പിച്ച നടപടി റദ്ദാക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഈ വിഷയങ്ങളില്‍ പാര്‍ലമെന്‍റുമായി സഹകരണാത്മക നിലപാടാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവുന്നതെങ്കില്‍ തങ്ങളും അതേ നിലപാട് തുടരും. സര്‍ക്കാര്‍ നിലപാട് മറിച്ചാണെങ്കില്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണയെന്ന ആയുധം മാത്രമേ തങ്ങളുടെ മുന്നിലുള്ളൂവെന്നും തബ്തബാഇ കൂട്ടിച്ചേര്‍ത്തു.
 

Tags:    
News Summary - valeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.