ജി.സി.സി സംയുക്ത സുരക്ഷാ അഭ്യാസ പ്രകടനത്തിൽനിന്ന്
കുവൈത്ത് സിറ്റി: ജി.സി.സി സംയുക്ത സുരക്ഷാ അഭ്യാസ പ്രകടനമായ ‘അറേബ്യൻ ഗൾഫ് സെക്യൂരിറ്റി- 4' പരിശീലനങ്ങൾക്ക് ഖത്തറിൽ സമാപനം. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സുരക്ഷാ സഹകരണ സംവിധാനം ശക്തിപ്പെടുത്തുക, സുരക്ഷാ തയാറെടുപ്പുകളും സംയുക്ത ഏകോപനവും മെച്ചപ്പെടുത്തുക, പ്രതിസന്ധികളിലും അടിയന്തര സാഹചര്യങ്ങളിലും പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സംയുക്ത പരിശീലനം നടത്തിയത്.
ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ 11 ദിവസം നീണ്ടുനിന്ന പരിശീലനത്തിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഏജൻസികളും സേനകളും യു.എസിൽനിന്നുള്ള പ്രത്യേക യൂനിറ്റുകളും പങ്കെടുത്തു.
സുരക്ഷാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സംയുക്ത അഭ്യാസങ്ങൾ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രതിരോധ പ്രവർത്തന പദ്ധതികൾ പരിശോധിക്കാനും വിവിധ യൂണിറ്റുകൾ തമ്മിലുള്ള ഏകോപനം വികസിപ്പിക്കാനും, പ്രൊഫഷണലിസം ഉറപ്പാക്കി അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സന്നദ്ധത ഉറപ്പാക്കാനും പരിശീലനങ്ങളിലൂടെ കഴിഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളും മികച്ച പരിശീലന നിലവാരവും ഉറപ്പാക്കുന്നതിനായി രാജ്യത്തിന്റെ വിവിധയിടങ്ങളിലായാണ് അഭ്യാസപ്രകടനങ്ങൾ നടന്നത്.
സമാപന ചടങ്ങിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അഹമ്മദ് അൽ വഹാബ്, മറ്റു ജി.സി.സി രാജ്യങ്ങളിലെ പ്രതിനിധികൾ, ജി.സി.സി സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദവി, യു.എസ് നാവിക സേന സെൻട്രൽ കമാൻഡിന്റെ കമാൻഡർ കർട്ട് റെൻഷാ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഗൾഫ് മേഖലയുടെ സമാധാനവും സുരക്ഷയും സംരക്ഷിക്കാൻ സജ്ജമാണെന്ന പ്രഖ്യാപനവുമായി ജി.സി.സി രാജ്യങ്ങളിലെ സേനകളെ ഒരുമിച്ചു ചേർത്ത് 2016ൽ ബഹ്റൈനിലാണ് പരിശീലനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.