പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രീഷൻ ഫർവാനിയയിൽ റെയ്ഡ് നടത്തുന്നു
കുവൈത്ത് സിറ്റി: സ്വകാര്യ വസതിയിൽ ആരോഗ്യ-ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി ഭക്ഷണം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന സംരംഭം അടച്ചുപൂട്ടി.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഫർവാനിയ മേഖല പരിശോധന വിഭാഗവും ഫർവാനിയ അന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭക്ഷണ നിർമാണ കേന്ദ്രം പൂട്ടിച്ചത്. മേഖലയിൽ വ്യാപകമായി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി നോട്ടിസ് നൽകി. പൊതുജനാരോഗ്യം സംരക്ഷിക്കാനും ഉപഭോക്താക്കളെ സുരക്ഷിതരാക്കാനും ലക്ഷ്യമിട്ട് രാജ്യത്തുടനീളം പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ വിൽക്കുന്ന ഭക്ഷണം അംഗീകൃത ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി റെസ്റ്റാറന്റുകളിൽ കർശനമായ പരിശോധന നടത്തുമെന്ന് കാപിറ്റൽ ഗവർണറേറ്റ് ഭക്ഷ്യ പരിശോധനാ സൂപ്പർവൈസർ മുഹമ്മദ് അൽ കൻദരി കുവൈത്ത് ടി.വിയിലെ ചർച്ചയിൽ പറഞ്ഞു. സൂഖ് മുബാറകിയയിലെ മാംസ കടകളിലും അറവുശാലകളിലും ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പതിവ് പരിശോധനകൾ നടത്തിവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.