കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ-സ്വകാര്യ ആരോഗ്യമേഖലകളിലെ ജീവനക്കാർക്കും ആരോഗ്യ വിദഗ്ധർക്കും പുതിയ ഡ്രസ് കോഡ്. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി മന്ത്രിതല തീരുമാനം പുറത്തിറക്കി. ആരോഗ്യ സ്ഥാപനങ്ങളിലെ പ്രഫഷണൽ നിലവാരം നിലനിർത്തൽ, രോഗികളുടെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് നടപടി.
ആരോഗ്യമേഖലകളിലെ ജീവനക്കാരുടെ ഔദ്യോഗിക വസ്ത്രങ്ങള്‍ വൃത്തിയുള്ളതായിരിക്കണം. ലളിതമായ ആഭരണങ്ങൾ മാത്രമേ അനുവദിക്കൂ. ലളിതവും ശ്രദ്ധ ആകർഷിക്കാത്തതുമായ രീതിയിൽ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കണം. ടാറ്റൂകൾ മറക്കണം. ഷോർട്ട്സ്, സ്പോർട്സ് വെയർ, മുട്ടിന് മുകളിലെ വസ്ത്രം, കീറിയ വസ്ത്രങ്ങൾ, അനുചിത മുദ്രാവാക്യമുള്ള വസ്ത്രങ്ങൾ എന്നിവ പാടില്ല.
രോഗിപരിചരണ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ജീൻസും ഡിഷ്ഡാഷയും അനുവദിക്കില്ല. ഷൂസ് വിരലുകൾ മറക്കുന്നതും വെള്ളം കയറാത്തതും വൃത്തിയാക്കാൻ എളുപ്പമുള്ളതുമായിരിക്കണം. തുറന്ന കാൽവിരലുകളുള്ള പാദരക്ഷകൾ അനുവദിക്കില്ല.
നഖങ്ങൾ ചെറുതും വൃത്തിയുള്ളതുമായിരിക്കണം. കൃത്രിമ നഖങ്ങൾ ഉപയോഗിക്കരുത്. മുടി വൃത്തിയുള്ളതാകണം, മുഖം മറയ്ക്കുന്നതാകരുത്. തോളിനു താഴെയായി മുടി നീളുന്നുണ്ടെങ്കിൽ കെട്ടിവെക്കണം. പരിചരണ ഉപകരണങ്ങൾ ലളിതവും ഉചിതമായ നിറങ്ങളിലുള്ളതുമായിരിക്കണം. പുരുഷന്മാരുടെ താടിയും മീശയും വൃത്തിയും ഒതുക്കമുള്ളതുമാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.