കുവൈത്ത് സിറ്റി: മുൻമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളെ ഹസാവിയിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽനിന്ന് അധികൃതർ പിൻവാങ്ങി. ഒരു വിഭാഗം രക്ഷിതാക്കളുടെ എതിർപ്പിനെ തുടർന്നാണ് പിന്മാറ്റം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരും മാനേജ്മെൻറും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ച ബഹളത്തിൽ കലാശിച്ചിരുന്നു. ഹസാവിയിലെ കെട്ടിടത്തിലേക്കുള്ള വഴി സുരക്ഷിതമല്ലെന്നായിരുന്നു രക്ഷിതാക്കൾ ഉന്നയിച്ച പ്രധാന വിഷയം. കമ്പനികളുടെ ലേബർ ക്യാമ്പും വൃത്തിഹീനമായ ചുറ്റുപാടും പ്രവൃത്തിദിവസങ്ങളിൽ ഗതാഗത തിരക്കുമുള്ള വഴികളിലൂടെ കടന്നുപോയി വേണം ഇൗ സ്ഥലത്ത് എത്താനെന്ന് രക്ഷിതാക്കൾ പറയുന്നു.
ടി.സി വാങ്ങുന്ന സമയത്തിനു മുമ്പ് രക്ഷകർത്താക്കളുടെ യോഗത്തിൽ പറയാതെ അഡ്മിഷൻ നടപടികൾ പൂർത്തിയായ ശേഷം സർക്കുലറിലൂടെ ഇക്കാര്യം അറിയിച്ചതിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. ഒരു വർഷത്തേക്ക് സൗജന്യമായി യാത്രാസൗകര്യം ഒരുക്കാമെന്നും തുടർന്ന് താൽപര്യമില്ലാത്തവർക്ക് അടുത്ത വർഷം സ്കൂൾ മാറാമെന്നുമുള്ള സ്കൂൾ അധികൃതരുടെ നിർദേശം യോഗത്തിൽ രക്ഷിതാക്കൾ തള്ളി.
പുതുതായി കൂടുതൽ അഡ്മിഷൻ വന്നതുകൊണ്ട് നിലവിലുള്ള കെട്ടിടം മതിയാവാതെ വന്നതുകൊണ്ടാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. എങ്കിൽ പുതിയ കുട്ടികളെ അങ്ങോട്ടുമാറ്റിക്കോളൂ എന്നായി രക്ഷിതാക്കൾ. ഇൗ അധ്യയന വർഷം പുതിയ കെട്ടിടത്തിൽ അഡ്മിഷന് താൽപര്യമുള്ളവർ അവിടെ ചേർക്കുകയും ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളെ നിലവിലെ കെട്ടിടത്തിൽതന്നെ നിലനിർത്തുകയും ചെയ്യുമെന്നാണ് സ്കൂൾ അധികൃതർ ഇപ്പോൾ പറയുന്നത്. അതേസമയം, അടുത്ത വർഷം മുതിർന്ന കുട്ടികളെ ഹസാവിയിലേക്ക് മാറ്റുമെന്നും ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് അടുത്ത ദിവസം സർക്കുലർ അയക്കുമെന്നും സ്കൂൾ അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.