കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വ്യോമസേനക്ക് കരുത്തേകാൻ അത്യാധുനിക പോർവിമാനമായ രണ്ട് യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ് കൂടി എത്തി. കുവൈത്ത് വാങ്ങുന്ന യൂറോഫൈറ്റർ ടൈഫൂൺ ജെറ്റുകളിൽ ഏഴാം ബാച്ചിൽ ഉൾപ്പെടുന്നവയാണ് ഇവ. കുവൈത്ത് സൈന്യത്തിന്റെ പ്രതിരോധ ശേഷിയും വ്യോമസേനയുടെ തയാറെടുപ്പും വർധിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് രണ്ട് ഇരട്ട എൻജിൻ വിമാനങ്ങളെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
സാലിം അൽ സബാഹ് വ്യോമതാവളത്തിന്റെ കമാൻഡറും യൂറോപ്യൻ ബഹുരാഷ്ട്ര വിമാനങ്ങളുടെ കുവൈത്ത് കപ്പലിന്റെ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി തലവനും, വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും വിമാനങ്ങളുടെയും കമീഷൻ ചടങ്ങിൽ പങ്കെടുത്തു. 2021 ഡിസംബറിലാണ് കുവൈത്തിന് യൂറോഫൈറ്റർ ടൈഫൂണുകളുടെ ആദ്യ ബാച്ച് ലഭിച്ചത്. നിരവധി അത്യാധുനിക നിരീക്ഷണ-റഡാർ സംവിധാനങ്ങളും ആക്രമണശേഷിയും ഉൾപ്പെടുന്ന ബഹുമുഖ പോർവിമാനമാണ് യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവ ഉൾപ്പെടുന്ന സംയുക്ത പദ്ധതിയായ ഫ്യൂച്ചർ യൂറോപ്യൻ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗ്രാമിന് കീഴിൽ 1983ൽ എയർബസ്, ബി.എ.ഇ സിസ്റ്റംസ്, ലിയോനാർഡോ എന്നിവരുടെ കൺസോർട്യമാണ് എയർ സുപ്പീരിയോറിറ്റി ഫൈറ്ററായ യൂറോഫൈറ്റർ ടൈഫൂൺ രൂപകൽപന ചെയ്യൽ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.