ഹൃദയം രക്തം പമ്പുചെയ്യുന്ന ഒരു അവയവം മാത്രമാണെന്നാണ് ഭൂരിപക്ഷത്തിന്റെയും ധാരണ. എന്നാൽ, ഹൃദയമാണ് മനുഷ്യന്റെ നിലനിൽപിന്റെ കാതലെന്ന് മനസ്സിലാക്കാം. ഹൃദയം നമ്മെ നിയന്ത്രിക്കുന്നതുകൊണ്ടാണ് വിവിധങ്ങളായ വികാരങ്ങൾ നമുക്ക് അനുഭവവേദ്യമാകുന്നത്. പലപ്പോഴും തലച്ചോറിനേക്കാൾ പ്രാധാന്യം ഹൃദയത്തിനാണ്.
ഒരു കാലത്ത് 40 വയസ്സിനു മുകളിലുള്ളവരിലാണ് ഹൃദയാഘാതം കണ്ടിരുന്നതെങ്കില് ഇന്നത് 18 വയസ്സിനു താഴെയുള്ളവരില്പോലും ഉണ്ടാകുന്നു. ചെറുപ്പക്കാർക്ക് ഇന്ന് വളരെയധികം സമ്മർദമുണ്ട് - ജോലിയിലെ സമ്മർദം, നഗരവത്കരണവുമായി ബന്ധപ്പെട്ട സമ്മർദം, ജീവിതശൈലി, പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മൊബൈൽ, കമ്പ്യൂട്ടറിന്റെ അമിത ഉപയോഗം എന്നിവ ഉറക്കക്കുറവിലേക്കു നയിക്കുന്നു.
ഇത് ഹൃദയത്തിൽ സമ്മർദം ഉണ്ടാക്കുന്നു. ഇത് ഹൃദയാഘാതം, ഹൃദയസ്തംഭനം അല്ലെങ്കിൽ അരിത്മിയ എന്നിവയിലേക്കു നയിക്കുന്നു.
ഇ.സി.ജി, ബ്ലഡ് ടെസ്റ്റുകൾ, ഹൃദയത്തിന്റെ താളം, ശബ്ദം, മിടിപ്പിന്റെ ക്രമം എന്നിവ പരിശോധിച്ച് ഹൃദ്രോഗം ഇല്ലെന്ന് ഉറപ്പുവരുത്താൻ സാധിക്കും. ഇന്ന് ലോകം നേരിടുന്ന ഭൂരിഭാഗം മരണങ്ങളുടെയും പ്രധാന കാരണം ഹൃദയസംബന്ധമായ അസുഖങ്ങളാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം 17.9 ദശലക്ഷത്തിലധികം പേർ ഹൃദ്രോഗം ബാധിച്ച് മരിക്കുന്നു. ഇത് ആഗോള മരണങ്ങളിൽ 31 ശതമാനത്തിലധികം വരും.
ഈ മരണങ്ങളിൽ മൂന്നിലൊന്ന് അകാല മരണങ്ങളാണ് (70 വയസ്സിനു താഴെയുള്ളത്). അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക നിഷ്ക്രിയത്വം, പുകയില-മദ്യ ഉപയോഗം എന്നിവയാണ് ഹൃദ്രോഗത്തിന്റെയും സ്ട്രോക്കിന്റെയും പ്രധാന കാരണങ്ങൾ. ഉയർന്ന രക്തസമ്മർദം, രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസ്, കൊളസ്ട്രോൾ, അമിതഭാരം, പൊണ്ണത്തടി എന്നിവ ഹൃദ്രോഗസാധ്യത കൂട്ടുന്നു.
പലപ്പോഴും, രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നെങ്കിലും ഒരു ലക്ഷണവും കാണിക്കില്ല. ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് അടിസ്ഥാന രോഗത്തിന്റെ ആദ്യ ലക്ഷണമാകാം.
ലക്ഷണങ്ങൾ ഇവയെല്ലാം:
നെഞ്ചിന്റെ മധ്യഭാഗത്ത് വേദന അല്ലെങ്കിൽ അസ്വസ്ഥത
കൈകൾ, ഇടത് തോൾ, കൈമുട്ടുകൾ, താടിയെല്ല്, പിറകുവശം എന്നിവിടങ്ങളിൽ വേദന അല്ലെങ്കിൽ അസ്വസ്ഥത.
ഓക്കാനം അല്ലെങ്കിൽ ഛർദി
തലകറക്കം അല്ലെങ്കിൽ തളർച്ച
അമിത വിയർപ്പ്
ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ എത്രയും വേഗം അടുത്തുള്ള ഡോക്ടറെ സമീപിക്കണം.
പരിഹാരം:
പുകയില ഉപയോഗം നിർത്തുക,
ഭക്ഷണത്തിൽ ഉപ്പ് കുറക്കുക,
കൂടുതൽ പഴങ്ങളും പച്ചക്കറികളും
കഴിക്കുക,
സ്ഥിരമായ ശരീര വ്യായാമം ചെയ്യുക,
മദ്യം ഒഴിവാക്കുക
ആരോഗ്യകരമായ ഭക്ഷണരീതി:
ആരോഗ്യകരമായ ഭക്ഷണക്രമം കൊറോണറി ഹൃദ്രോഗ സാധ്യത കുറക്കാനും ശരീരഭാരം കുറക്കാനും പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവക്കുള്ള സാധ്യത കുറക്കാനും സഹായിക്കും.
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഗോതമ്പ്, ഓട്സ്, തവിട്ട് അരി, മില്ലറ്റ്, ക്വിനോവ എന്നിവ പതിവാക്കുക. പൂരിത കൊഴുപ്പുകൾ കഴിവതും ഒഴിവാക്കുക. അപൂരിത കൊഴുപ്പുകൾപോലും ചെറിയ അളവിൽ മാത്രമേ ഉപയോഗിക്കാവൂ.
ഫാസ്റ്റ് ഫുഡുകൾ, ചുവന്ന മാംസം, വറുത്ത ഭക്ഷണം, ഉയർന്ന അന്നജം അടങ്ങിയ ഭക്ഷണം, പാക്ക് ചെയ്ത പഞ്ചസാര അടങ്ങിയ കാർബണേറ്റഡ് പാനീയങ്ങൾ, ബേക്കറി ഭക്ഷണങ്ങൾ, മൈദ ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്.
ഡോ. ജിബിൻ ജോൺ തോമസ് എം.ഡി
(രജിസ്ട്രാർ -ഇന്റേണൽ മെഡിസിൻ ആൻഡ്
ഡയബറ്റോളജിസ്റ്റ്, ഇന്റർനാഷനൽ ക്ലിനിക്,
ഫർവാനിയ കുവൈത്ത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.