കുവൈത്ത് സിറ്റി: രാജ്യം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. ഇതിന്റെ ആദ്യപടിയായി തെരഞ്ഞെടുപ്പുകളുടെ സംഘടന ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് തീയതികളും നാമനിർദേശം ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാനാർഥികൾക്കുള്ള ക്ഷണവും ഇതിൽ വിഷയമാകും.
ഭരണഘടന നിയമം അനുസരിച്ച്, ദേശീയ അസംബ്ലി പിരിച്ചുവിട്ട് രണ്ട് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് ആരംഭിക്കണം. അതേസമയം പിരിച്ചുവിട്ട് ഒരു മാസത്തിനുള്ളിൽ ക്ഷണിക്കണം. അടുത്ത ആഴ്ചക്കുള്ളിൽ ക്ഷണക്കത്ത് നൽകിയാൽ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.
സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കാൻ തുടങ്ങിയാലുടൻ അന്വേഷണ പാനലുകൾ പ്രവർത്തനം ആരംഭിക്കും. രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 125 സ്കൂളുകളിൽ തെരഞ്ഞെടുപ്പ് പാനലുകൾ നിയോഗിച്ചിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മേൽനോട്ടം വഹിക്കാൻ 1,200 ലധികം ജഡ്ജിമാരും പബ്ലിക് പ്രോസിക്യൂട്ടർമാരും ഉണ്ടാകും.
തെരഞ്ഞെടുപ്പ് പ്രവർത്തനം നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമായി 13,000ത്തിലധികം പൊലീസുകാരും രംഗത്തുണ്ടാകും.
ഇതിൽ 4,000 പേരെ തെരഞ്ഞെടുപ്പ് ബാലറ്റുകളുടെ മേൽനോട്ടം വഹിക്കാൻ പ്രത്യേകം നിയോഗിക്കും. സ്ഥാനാർഥി പരസ്യങ്ങൾക്ക് ലൈസൻസ് നൽകുന്നതിലും സുഗമമായ നടത്തിപ്പിലും മുനിസിപ്പാലിറ്റി ശ്രദ്ധ നൽകും.
ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട മറ്റ് ഏജൻസികളുടെയും തയാറെടുപ്പുകൾ, മറ്റു വിഷയങ്ങൾ എന്നിവ പരിശോധിച്ച ശേഷമാകും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. ഇതിൽ വൈകാതെ വ്യക്തത വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.