കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ, മയക്കുമരുന്ന് കൈവശം വെച്ച കേസിൽ ആറു പേരെ സുരക്ഷ അധികൃതർ അറസ്റ്റ് ചെയ്തു.
ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനകളിലാണ് അറസ്റ്റ്. ഫർവാനിയ മേഖലയിൽ നാല് ഏഷ്യൻ പൗരന്മാരെയും, കബ്ദ് മേഖലയിൽ ഒരു പൗരനെയും ഒരു അനധികൃത താമസക്കാരനെയും രണ്ട് വ്യത്യസ്ത കേസുകളിലായി പിടികൂടി. പ്രതികളുടെ കൈവശത്തുനിന്ന് മയക്കുമരുന്നും കണ്ടെത്തി.
അറസ്റ്റിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. സമൂഹസുരക്ഷക്ക് ഭീഷണിയാകുന്ന ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും, യുവാക്കളെ ലഹരി വസ്തുക്കളുടെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷ ഏജൻസികൾ അറിയിച്ചു.
ലഹരിക്കെതിരെ കർശന നടപടികളുമായി രാജ്യത്ത് ഈ മാസം 15ന് പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ലഹരി കേസുകളിൽ കർക്കശവും സമഗ്രവുമായ നടപടികൾ ഉറപ്പുവരുത്തുന്ന പുതിയ നിയമത്തിൽ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ, തടവ്, പിഴ എന്നിങ്ങനെ ശിക്ഷ കനത്തതാക്കിയിട്ടുണ്ട്. ഇതു പ്രകാരമുള്ള കർശന നടപടികൾ പ്രതികൾ നേരിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.