കുവൈത്ത് സഹായവസ്തുക്കൾ വിമാനത്താവളത്തിൽ
കുവൈത്ത് സിറ്റി: ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി കുവൈത്ത് റിലീഫ് എയർ ബ്രിഡ്ജിന്റെ 17ാമത്തെ വിമാനം വ്യാഴാഴ്ച ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെത്തി. മൂന്ന് ആംബുലൻസുകൾ, പുറമെ 32 ടൺ സഹായവസ്തുക്കൾ, മെഡിക്കൽ അവശ്യസാധനങ്ങൾ എന്നിവയാണ് അയച്ചത്. ആംബുലൻസുകളിൽ രണ്ടെണ്ണത്തിൽ തീവ്രപരിചരണ യൂനിറ്റ് (ഐ.സി.യു) ഉപകരണങ്ങളുണ്ട്. ഗസ്സയിലെ ഫലസ്തീനികളെ സഹായിക്കുന്നതിനായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ), ജനറൽ സെക്രട്ടേറിയറ്റ് ഓഫ് എൻഡോവ്മെന്റ്, കുവൈത്ത് സകാത്ത് ഹൗസ്, പബ്ലിക് അതോറിറ്റി ഫോർ മൈനർ അഫയേഴ്സ്, മൈഫത്തൂറ കമ്പനി എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിനിലെ സഹായം ഇതിൽ ഉൾക്കൊള്ളുന്നു.
ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരവും നിരന്തരവുമായ ബോംബാക്രമണത്തിനുശേഷം ഗസ്സയിലേക്കുള്ള മാനുഷികസഹായം തുടരുകയാണെന്ന് കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് ബോർഡ് ചെയർമാൻ ഡോ. ഇബ്രാഹിം അൽ സാലഹ് പറഞ്ഞു. ഗസ്സയിലേക്ക് ആവശ്യമുള്ളിടത്തോളം സഹായം തുടരുമെന്ന് കുവൈത്ത് സകാത്ത് ഹൗസ് ഡയറക്ടർ ജനറൽ ഡോ. മജീദ് അൽ അസ്മി പറഞ്ഞു. ഈ ദുഷ്കരമായ സമയങ്ങളിൽ ഗസ്സയിൽ ആവശ്യമുള്ള എല്ലാവരെയും സഹായിക്കുക എന്നതാണ് അതോറിറ്റിയുടെ ചുമതലയെന്ന് പബ്ലിക് അതോറിറ്റി ഫോർ മൈനർ അഫയേഴ്സ് ബഷയർ അൽ ഇദാൻ പറഞ്ഞു.
ഫലസ്തീനെ സഹായിക്കാനുള്ള കാമ്പയിനിലേക്കുള്ള അതോറിറ്റിയുടെ സഹായം 5,00,000 ദീനാറിൽ എത്തിയതായി ദി പബ്ലിക് അതോറിറ്റി ഫോർ മൈനർ അഫയേഴ്സ് ആക്ടിങ് ഡയറക്ടർ നാസർ അൽ ഹമദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.