ശ്രീലങ്കൻ സ്വദേശി ഹോട്ടലിൽ
കുവൈത്ത് സിറ്റി: മൂന്നു പതിറ്റാണ്ട് തന്റെ കുടുംബത്തിനൊപ്പം കഴിയുകയും ആറു വയസ്സു മുതൽ തന്നെയും സഹോദരങ്ങളെയും വളർത്തുകയുംചെയ്ത ജോലിക്കാരിയെ തേടി കുവൈത്ത് പൗരനും കുടുംബവും ശ്രീലങ്കയിലെത്തി. നന്ദി സൂചകമായി കുവൈത്ത് പൗരൻ അവർക്ക് കൊളംബോയിലെ ഹോട്ടലിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന താമസസൗകര്യവും ഒരുക്കി.
ഇവർ തമ്മിൽ കണ്ടുമുട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളിൽ പങ്കിട്ട വിഡിയോയിൽ, തനിക്ക് ആറ് വയസ്സുള്ളപ്പോൾ ശ്രീലങ്കൻ സ്വദേശി കുടുംബത്തോടൊപ്പം ചേർന്നതും തുടർന്ന് തന്നെയും സഹോദരങ്ങളെയും വളർത്തിയതും കുവൈത്തി പൗരൻ ഓർമിക്കുന്നു. ‘ഞങ്ങളുടെ കുടുംബത്തിലെ പകുതി പേരെയും അയൽപക്കത്തുള്ള പകുതി കുട്ടികളെയും പോലും അവർ പരിപാലിച്ചു’ -അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. കുട്ടിക്കാലത്ത് പോക്കറ്റ് മണിക്കായി അവരുടെ അടുത്തേക്ക് പോകുന്നതും സ്നേഹപൂർവം ഓർത്തെടുത്തു. ആദ്യം അവർ ഇല്ലായെന്ന് പറയുമായിരുന്നു, എന്നാൽ ഞാൻ അസ്വസ്ഥനായി നടക്കുമ്പോൾ അവർ എന്നെ തിരികെ വിളിച്ച് പറയും- ‘വന്ന് വാങ്ങിക്കോ’ അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെത്തിയ കുവൈത്ത് പൗരൻ ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലിലാണ് പഴയ ജോലിക്കാരിക്ക് താമസസൗകര്യം ഒരുക്കിയത്. മയിലുകളും കുരങ്ങുകളും മറ്റു ജീവികളും ഉദ്യാനത്തിൽ ഉലാത്തുന്ന, സ്വിമ്മിങ്പൂളും മറ്റു സൗകര്യങ്ങളുമുള്ള ഹോട്ടലിൽ മൂന്നു ദിവസം മാത്രം ചെലവഴിച്ച് ശ്രീലങ്കൻ വനിത വീട്ടിലേക്ക് മടങ്ങിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.