കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്,സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്ര നേതാക്കളുമായി സംസാരിച്ച് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഫോണിൽ വിളിച്ച കുവൈത്ത് കിരീടാവകാശി രാജ്യത്തെ സഥിതിഗതികൾ അന്വേഷിച്ചു. ഗൾഫ് രാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ കുവൈത്ത് അപലപിക്കുന്നതായി കിരീടാവകാശി വ്യക്തമാക്കി. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്നമായ ലംഘനമാണ്. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ, സ്ഥിരത എന്നിവക്കും ഭീഷണിയാണെന്ന് ചൂണ്ടികാട്ടി. സംയുക്ത സുരക്ഷ സംരക്ഷണത്തിന്റെ പ്രാധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞു. നിലവിലെ പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ സൗദി അറേബ്യക്കെതിരായ ഏതൊരു ഭീഷണിയെയും കുവൈത്ത് നിരാകരിക്കുന്നതായും ആവർത്തിച്ചു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായും കുവൈത്ത് കിരീടാവകാശി ഫോണിൽ സംസാരിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ കിരീടാവകാശി ബഹ്റൈൻ കിരീടാവകാശിയെ അറിയിച്ചു. ബഹ്റൈൻ നേതൃത്വത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെക്കുറിച്ച് സംസാരിച്ചു.
ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയുമായി ബന്ധപ്പെട്ട കുവൈത്ത് കിരീടാവകാശി ഖത്തറിലെ നേതൃത്വത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെക്കുറിച്ച് ആരാഞ്ഞു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകളും അറിയിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനുമായും കുവൈത്ത് കിരീടാവകാശി സംസാരിച്ചു. യു.എ.ഇ നേതൃത്വത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെക്കുറിച്ച് കിരീടാവകാശി ആരാഞ്ഞു. അമീറിന്റെ ആശംസകളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.