കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ പ്രതിരോധ മന്ത്രാലയം സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ പ്രതിരോധ മന്ത്രാലയം സന്ദർശിച്ചു. പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹും കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ദരാജ് സാദ് അൽ ശുറൈയാനും ചേർന്ന് ഇരുവരെയും സ്വീകരിച്ചു.
സായുധ സേന സുപ്രീം കമാൻഡറായ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ കിരീടാവകാശി അറിയിച്ചു.
മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നിർണായക സംഭവവികാസങ്ങൾക്കിടയിൽ ഉയർന്ന തലത്തിലുള്ള സന്നദ്ധത നിലനിർത്തുന്നതിൽ മന്ത്രാലയം നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിൽ സായുധ സേന ഉപയോഗിക്കുന്ന സംവിധാനങ്ങളെക്കുറിച്ചും ഏറ്റവും പുതിയ ഓപറേഷൻ ഫീൽഡ് റിപ്പോർട്ടുകളെക്കുറിച്ചും പ്രതിരോധ മന്ത്രാലയം ഉദ്യോഗസഥർ വിശദീകരിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി സുരക്ഷിതമാക്കുന്നതിനും ദേശീയ സ്ഥിരത ശക്തിപ്പെടുത്തുന്നതിനുമായി നടപ്പിലാക്കിയ പ്രതിരോധ നടപടികളും വിശദീകരിച്ചു. കുവൈത്ത് സായുധ സേനയിലെ അംഗങ്ങൾ നടത്തിയ ആത്മാർഥ പരിശ്രമങ്ങളെയും ത്യാഗങ്ങളെയും കിരീടാവകാശി പ്രശംസിച്ചു.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിലും സുപ്രധാന വിഭവങ്ങൾ സംരക്ഷിക്കുന്നതിലും കാണിച്ച ജാഗ്രതയെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.