ചുട്ടുപൊള്ളി രാവും പകലും; കുവൈത്തിൽ കനത്ത ചൂട് തുടരുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് തുടരുന്നു. വരും ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം ചൂട് കൂടുതൽ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഉൾപ്രദേശങ്ങളിൽ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അതിതീവ്രമായ ചൂടുള്ള വായുപിണ്ഡവും മിതമായതോ ശക്തമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും രാജ്യത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.

കാറ്റ് ഇടക്കിടെ ശക്തിപ്രാപിക്കാനും മണലും പൊടിയും ഉയർന്നുപൊങ്ങാനും സാധ്യതയുണ്ട്. ഇത് ചിലയിടങ്ങളിൽ കാഴ്ചാപരിധി കുറക്കുകയും താപനിലയിൽ പ്രകടമായ വർധനവുണ്ടാക്കാനും കാരണമാകും. രാവിലെ മുതൽ ശക്തിയാർജിക്കുന്ന കാറ്റിന്റെ വേഗത വൈകുന്നേരത്തിന്റെ തുടക്കത്തിൽ കുറയും. രാത്രിയിൽ തീരപ്രദേശങ്ങളിലും ദ്വീപുകളിലും അന്തരീക്ഷം താരതമ്യേന ഈർപ്പമുള്ളതാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 49 ഡിഗ്രി സെൽഷ്യസ് മുതൽ 51ഡിഗ്രി സെൽഷ്യസ് വരെയും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 37ഡിഗ്രി സെൽഷ്യസ് മുതൽ 45ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ താപനില 34ഡിഗ്രി സെൽഷ്യസ് മുതൽ 37ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കണക്കാക്കുന്നു. രാത്രിയിലും ചൂടുള്ള കാലാവസ്ഥ തുടരും. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉണ്ടാകാനും, മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഇടയ്ക്കിടെ ശക്തിപ്രാപിച്ചേക്കാവുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനും സാധ്യതയുണ്ട്.

ചൊവ്വാഴ്ച പകൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് വകുപ്പ് പ്രവചിക്കുന്നു. മണിക്കൂറിൽ 20 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് ചിലയിടങ്ങളിൽ പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചാപരിധി കുറയുന്നതിനും കാരണമായേക്കാം.

-ശാരീരിക തളർച്ചയും സൂര്യാഘാതവും ഒഴിവാക്കാൻ ശ്രദ്ധിക്കണം

-പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം

-ധാരാളം വെള്ളവും മറ്റ് പാനീയങ്ങളും കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണം

-കഴിയുന്നത്ര സമയം എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ ചെലവഴിക്കണം

Tags:    
News Summary - Scorching heat day and night: Severe heatwave continues in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.