ഇല്ലാത്ത ഒരു അവസ്ഥ ഇല്ലാത്തത് അല്ലാഹുവിന് മാത്രമേ ഉള്ളൂ. അല്ലാഹു അല്ലാത്ത എല്ലാം ഉണ്ടായതായതുകൊണ്ട് അവ ഉണ്ടാകുന്നതിനുമുമ്പ് ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു എന്ന് ഉറപ്പാണ്. എന്നാൽ അല്ലാഹു ഉള്ളവനാണ്, ഉണ്ടായവനല്ല. ഹയ്യ് എന്നത് അല്ലാഹുവിന്റെ നാമങ്ങളിൽ ഒന്നാണ്. ഹയാത്ത് എന്നാൽ ജീവിതമാണ്.
അപ്പോൾ ഹയ്യ് എന്നാൽ ജീവനുള്ളത് എന്നാണർഥം. അല്ലാഹുവിലേക്ക് ചേർത്ത് അൽ ഹയ്യ് എന്ന് പറയുമ്പോൾ എന്നെന്നും ജീവിച്ചിരിക്കുന്നവൻ എന്ന അർഥം ലഭിക്കുന്നു.
മനുഷ്യനടക്കം ജീവനുള്ള ഒരുപാട് ജീവികളുണ്ട്. സസ്യങ്ങൾക്കുപോലും ജീവനുണ്ട് എന്നാണല്ലോ ആധുനിക ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ, അവയുടെ ഒക്കെ ജീവൻ താൽക്കാലികവും നശ്വരവുമാണ്. അനശ്വരമായ ജീവൻ അല്ലാഹുവിന് മാത്രമേ ഉള്ളൂ.
''ആദ്യനും അന്ത്യനും പുറവും അകവും അവൻതന്നെ. അവൻ സകല സംഗതികളും അറിയുന്നവൻ.'' (വിശുദ്ധ ഖുർആൻ 57:3)
''അതിൻമേലുള്ളതൊക്കെയും നശിക്കുന്നവയാണ്. മഹത്ത്വത്തിന്റെയും ഗാംഭീര്യത്തിന്റെയും ഉടമയായ നിന്റെ നാഥന്റെ അസ്തിത്വം മാത്രമാണ് അവശേഷിക്കുക.'' (വിശുദ്ധ ഖുർആൻ 55:26,27)
എന്നെന്നും ജീവിച്ചിരിക്കുന്നവൻ അല്ലാഹു മാത്രമാണ്.
''അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്, എല്ലാറ്റിനെയും പരിപാലിക്കുന്നവനുമാണ്.'' (വിശുദ്ധ ഖുർആൻ 2:255)
''എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നോക്കിനടത്തുന്നവനുമായ അല്ലാഹുവിന് സകല മനുഷ്യരും അന്ന് കീഴൊതുങ്ങും.'' (വിശുദ്ധ ഖുർആൻ 20:111)
ജീവനുള്ളവന് മാത്രമേ മറ്റുള്ളവർക്ക് ജീവൻ കൊടുക്കാൻ കഴിയൂ. അല്ലാഹു ജീവനുള്ളവൻ മാത്രമല്ല ജീവൻ കൊടുക്കുന്നവനും എടുക്കുന്നവനുമാണ്.
''എങ്ങനെ നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കും? നിങ്ങൾക്ക് ജീവനില്ലായിരുന്നു. പിന്നെ അവൻ നിങ്ങൾക്കു ജീവനേകി. അവൻ തന്നെ നിങ്ങളെ മരിപ്പിക്കും. വീണ്ടും ജീവിപ്പിക്കും. അവസാനം അവങ്കലേക്കുതന്നെ. നിങ്ങളെല്ലാം തിരിച്ചുചെല്ലും.'' (വിശുദ്ധ ഖുർആൻ 2:28)
''അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. നിങ്ങളെല്ലാം മടങ്ങിച്ചെല്ലുന്നത് അവങ്കലേക്കാണ്.'' (വിശുദ്ധ ഖുർആൻ 10:56)
ജീവൻ നൽകുന്നവൻ എന്ന അർഥത്തിൽ 'മുഹ്യീ' എന്ന വിശിഷ്ട നാമവും അല്ലാഹുവിനുണ്ട്.
അല്ലാഹു പറയുന്നു. ''ഭൂമിയെ വരണ്ടതായി നീ കാണുന്നു. പിന്നെ നാം അതിൽ വെള്ളം വീഴ്ത്തിയാൽ പെട്ടെന്നത് ചലനമുള്ളതായിത്തീരുന്നു. വികസിച്ചു വലുതാവുന്നു. ഇതും അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതത്രെ. മൃതമായ ഈ ഭൂമിയെ ജീവനുള്ളതാക്കുന്നവൻ തീർച്ചയായും മരിച്ചവരെ ജീവിപ്പിക്കും. അവൻ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.'' (വിശുദ്ധ ഖുർആൻ 41:39)
മരിക്കുകയോ നശിക്കുകയോ ചെയ്യാത്ത ശക്തിക്ക് മാത്രമേ മറ്റുള്ളവർക്ക് ജീവൻ നൽകാനും അവരെ സംരക്ഷിക്കാനും സാധിക്കൂ. അവനെ മാത്രമേ മനുഷ്യന് രക്ഷിതാവായി അംഗീകരിക്കാൻ പറ്റൂ.
''എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് അല്ലാഹു. ഒരിക്കലും മരിക്കാത്തവനും. അവനിൽ ഭരമേൽപിക്കുക. അവന്റെ വിശുദ്ധി വാഴ്ത്തുക. അവനെ കീർത്തിക്കുക. തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനായി അവൻ തന്നെ മതി.'' (വിശുദ്ധ ഖുർആൻ 25:58)
നംറൂദിന് ഇബ്രാഹീം നബി (അ) ആദ്യം അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത് ഇങ്ങനെയാണ്.
''നീ കണ്ടില്ലേ; ഇബ്രാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തിൽ തർക്കിച്ചവനെ. കാരണം അല്ലാഹു അവന് രാജാധികാരം നൽകി. ഇബ്രാഹീം പറഞ്ഞു:
'ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥൻ.'' (വിശുദ്ധ ഖുർആൻ 2:258)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.