ആരാധന കർമങ്ങളുടെ അനുഷ്ഠാനപരതക്ക് പ്രാധാന്യമുള്ളത് പോലെതന്നെ, അവയുടെ ആത്മാവിനും വലിയ പ്രാധാന്യമുണ്ട്. ഖുർആനിക ദർശനം ആരാധനകളുടെ ആത്മാവിനെക്കുറിച്ച് ഊന്നിപ്പറയുന്നു. ആത്മാവില്ലാത്ത ആരാധനകൾക്ക് വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പ്രതിഫലനം സൃഷ്ടിക്കാൻ കഴിയില്ല.ഓരോ ആരാധന കർമത്തിനും പ്രത്യേക ലക്ഷ്യങ്ങളുണ്ട്. എന്നാൽ പൊതുവായ ലക്ഷ്യം ആത്മീയവും കർമപരവും സാമൂഹികവുമായ സംസ്കരണം നേടലും, അതുവഴി സ്രഷ്ടാവിന്റെ പ്രീതിയും സ്വർഗവും കരസ്ഥമാക്കലുമാണ്.ആത്മീയമായി സംസ്കരിക്കപ്പെടുന്നവന്റെ മനസ്സ് ശുദ്ധീകരിക്കപ്പെടുന്നു. ദൈവസ്മരണയും സൽവിചാരങ്ങളും അതിൽ നിറയുന്നു. പ്രവൃത്തികൾക്കും തീരുമാനങ്ങൾക്കും നൈതിക അടിത്തറ ലഭിക്കുന്നു.
കർമപരമായ സംസ്കരണം മനുഷ്യനെ മ്ലേച്ഛ പ്രവർത്തനങ്ങളിൽനിന്ന് അകറ്റി നിർത്തുന്നു. തിന്മകളിൽനിന്ന് പരമാവധി അകലം പാലിക്കാനുള്ള ശേഷി നൽകുന്നു. സ്വഭാവ-പെരുമാറ്റങ്ങളെ നന്നാക്കുന്നു. ഇതിന്റെ ഫലമായി വ്യക്തിയുടെ പ്രവർത്തനങ്ങൾ സ്വന്തത്തിനും സമൂഹത്തിനും ഉപകാരപ്രദമാകുന്നു.ആരാധനകൾ മനുഷ്യന്റെ സാമൂഹിക ബോധത്തെയും സംസ്കരിക്കുന്നു. ഇത് സഹജീവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തും. പരോപകാരം, നീതി, സഹിഷ്ണുത എന്നിവ ശക്തിപ്പെടുത്തും. ‘പരോപകാരത്തെ തടയുന്ന നമസ്കാരക്കാർക്ക് നാശം’ എന്ന് ഖുർആൻ സൂചിപ്പിക്കുന്നുണ്ട്.
ഈ മുഴുവൻ കാര്യങ്ങളെയും ഒറ്റവാക്കിൽ പ്രതിഫലിപ്പിക്കുന്ന ഖുർആനിക പദമാണ് ‘തഖ്വ’. ധർമബോധം, ദൈവഭയം, ജീവിതത്തിലെ സൂക്ഷ്മത എന്നീ ആശയങ്ങളിൽ ഈ പദത്തെ മനസ്സിലാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.