കുവൈത്തിൽ ഡെലിവറി മോട്ടോർ സൈക്കിൾ ലക്ഷ്യമിട്ട് പരിശോധന
കുവൈത്ത് സിറ്റി: നിയമലംഘനം നടത്തുന്ന ഡെലിവറി മോട്ടോർസൈക്കിളുകൾ ലക്ഷ്യമിട്ട് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പരിശോധന. വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. മോട്ടോർസൈക്കിളുകളും മറ്റ് വാഹനങ്ങളും പിടിച്ചെടുത്തു. നാടുകടത്തൽ നടപടികൾക്ക് വിധേയരാകേണ്ടവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
റോഡ് അച്ചടക്കം ഉറപ്പാക്കൽ, അപകടകരമായ പെരുമാറ്റങ്ങൾ തടയൽ, സുരക്ഷ ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് പരിശോധനയെന്ന് വകുപ്പ് അറിയിച്ചു.
റോഡിന്റെ വലതുവശത്തുകൂടി സഞ്ചരിക്കാതിരിക്കുക, നിയമവിരുദ്ധമായുള്ള ഓവർടേക്കിങ്, വാഹനങ്ങൾക്കിടയിലൂടെ അശ്രദ്ധമായി വെട്ടിച്ചുള്ള ഓടിക്കൽ, നടപ്പാതകളിലൂടെ വാഹനം ഓടിക്കൽ, ഡെലിവറി ബോക്സുകളിൽ ലൈറ്റുകൾ ഇല്ലാത്ത വാഹനങ്ങൾ, പ്രത്യേക വസ്ത്രങ്ങൾ ധരിക്കാതിരിക്കൽ എന്നിവയിൽ നടപടി സ്വീകരിച്ചു.
ഡെലിവറി മോട്ടോർസൈക്കിളുകൾ ലക്ഷ്യമിട്ടുള്ള പരിശോധന രാജ്യത്തുടനീളം തുടരുമെന്ന് വകുപ്പ് അറിയിച്ചു. തങ്ങളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി, ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും റൈഡർമാരോടും ഡെലിവറി കമ്പനികളോടും അധികൃതർ അഭ്യർത്ഥിച്ചു.
ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ മേധാവി ബ്രിഗേഡിയർ അഹ്മദ് ഫഹദ് അൽ അസ്മിയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ റാഷിദ് ഹമൂദ് അൽ ഹജ്രി, ട്രാഫിക് റെഗുലേഷൻ അഫയേഴ്സ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ അയ്യൂബ് ഗാസി ഫത്തല്ല എന്നിവരും പങ്കെടുത്തു.
ഡെലിവറി ജീവനക്കാർ ശ്രദ്ധിക്കുക
റോഡിന്റെ വലതു വശത്തുകൂടി മാത്രം സഞ്ചരിക്കണം. ലൈനുകൾക്കും വാഹനങ്ങൾക്കുമിടയിൽ വളഞ്ഞുപുളഞ്ഞുള്ള യാത്ര അപകടകരമാണ്. മുൻപിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കണം.
റെഡ് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ മറികടന്ന് മുന്നിലെത്താൻ ശ്രമിക്കരുത്. കാൽനടയാത്രക്കാരുടെ സഞ്ചാരത്തെ തടസ്സപെടുത്തരുത്. റോഡിലെ സൈൻ ബോർഡുകളും അടയാളങ്ങളും കൃത്യമായി പാലിക്കണം. സ്പീഡ് ബമ്പുകൾക്ക് മുകളിലൂടെ തന്നെ വാഹനം ഓടിക്കണം. അവയുടെ വശത്തുകൂടി മറികടന്നു പോകരുത്. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യാനും ശ്രദ്ധിക്കണം. ഹെൽമറ്റും, റിഫ്ലക്റ്റീവ് വെസ്റ്റും നിർബന്ധമാണ്. പിൻഭാഗത്തെ ലൈറ്റും ബോക്സ് ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.