കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തും- യു.എസ് എംബസി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ അമേരിക്കയുടെ പിന്തുണ തുടരുമെന്ന് യു.എസ് എംബസി. കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും കുവൈത്തിലെ യു.എസ് എംബസിയിലെ ചാർജ് ഡി അഫയേഴ്സ് സ്റ്റീവൻ ബട്ട്ലർ പറഞ്ഞു. വിശ്വാസം, സഹകരണം, പൊതുവായ വെല്ലുവിളികളെ നേരിടാനുള്ള നിശ്ചയദാർഢ്യം എന്നിവയിൽ അധിഷ്ഠിതമായ, ദീർഘകാലം നീണ്ടുനിൽക്കുന്ന സൗഹൃദമായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അമേരിക്കൻ സ്വാതന്ത്ര്യദിനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ യു.എസ് എംബസി സംഘടിപ്പിച്ച ‘ഫ്രീഡം -250’ ആഘോഷത്തിൽ സംസാരിക്കവെയാണ് സ്റ്റീവൻ ബട്ട്ലറുടെ പരാമർശം.

1961 ൽ സ്ഥാപിതമായ കുവൈത്തും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 65ാം വാർഷികം കൂടിയാണ് ഈ വർഷമെന്ന് ബട്ട്ലർ പറഞ്ഞു. കുവൈത്തിൽ 'അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ' സ്ഥാപിതമായ 1911 മുതൽ തന്നെ ഇരു ജനതകളും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1990 ൽ ഇറാഖ് കുവൈത്തിനെ ആക്രമിച്ചപ്പോൾ പിന്തുണ നൽകിയതിലും, 1991-ൽ കുവൈത്തിനെ മോചിപ്പിച്ച അന്താരാഷ്ട്ര സഖ്യത്തിന് നേതൃത്വം നൽകിയതിലും അമേരിക്ക വഹിച്ച പങ്ക് അദ്ദേഹം അനുസ്മരിച്ചു. സുരക്ഷാ കാരണങ്ങളാൽ നാല് മാസത്തോളം പ്രവർത്തനം നിർത്തിവെച്ചിരുന്ന കുവൈത്തിലെ യു.എസ് എംബസി ജൂണിൽ വീണ്ടും തുറന്നതിനെക്കുറിച്ചും ബട്ട്ലർ സൂചിപ്പിച്ചു.

വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, വിവിധ കമ്പനികളുടെയും അന്താരാഷ്ട്ര ബ്രാൻഡുകളുടെയും പ്രതിനിധികൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.

പ്രതിരോധ മന്ത്രി അമേരിക്കയിലേക്ക്

കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സാലിം അസ്സബാഹ് അമേരിക്കൻ സന്ദർശനത്തിന്. പ്രതിരോധ മന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി വ്യാഴാഴ്ച യു.എസ്. തലസ്ഥാനമായ വാഷിംഗ്ടണിലേക്ക് പുറപ്പെട്ടു. ഉന്നത തലപ്രതിനിധി സംഘവും ഇദ്ദേഹത്തോടൊപ്പമുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Will strengthen ties with Kuwait US Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.