കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, പുതുതായി നിയമിതരായ കുവൈത്ത് നയതന്ത്രജ്ഞർ എന്നിവർക്കൊപ്പം
കുവൈത്ത് സിറ്റി: പ്രാദേശികമായും അന്തർദേശീയമായുമുള്ള കുവൈത്ത് ഭരണകൂടത്തിന്റെ നിർണായക നയതന്ത്ര പങ്ക് ആഗോളസമൂഹത്തിന്റെ വിശ്വാസവും ആദരവും നേടിയെന്ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ കുവൈത്ത് നയതന്ത്രകാര്യാലയങ്ങളിലേക്ക് പുതുതായി നിയമിതരായ ഉദ്യോഗസ്ഥർക്ക് ബയാൻ കൊട്ടാരത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്.
വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹും ചടങ്ങിനെത്തിയിരുന്നു.
പുതിയ നയതന്ത്രജ്ഞരെ അഭിനന്ദിച്ച ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യത്തെ നന്നായി സേവിക്കാൻ അവരെ ഉണർത്തി. അതത് തസ്തികകളിൽ കഴിവിന്റെ പരമാവധി തങ്ങളുടെ രാജ്യത്തെ പ്രതിനിധാനംചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികൾക്ക് കുവൈത്ത് നയതന്ത്രജ്ഞരുടെ ഭാഗത്ത് ജാഗ്രത ആവശ്യമാണെന്ന് കിരീടാവകാശി പറഞ്ഞു. അത്തരം വെല്ലുവിളികളെ വിവേകത്തോടെയും വ്യക്തതയോടെയും നേരിടണം. അംബാസഡർമാരും നയതന്ത്രജ്ഞരും കുവൈത്തിന്റെ നേതൃത്വത്തെ പ്രതിനിധാനംചെയ്യുക മാത്രമല്ല, വിദേശത്തുള്ള കുവൈത്ത് ജനതയെ സേവിക്കുകകൂടിയാണെന്നും അദ്ദേഹം ഉണർത്തി. ഇതാണ് നയതന്ത്രജ്ഞരുടെ പ്രധാന ദൗത്യമെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.