കുവൈത്ത് സിറ്റി: കേന്ദ്രസർക്കാർ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ഏഴിന് കുവൈത്തിലെത്തും. വൈകീട്ട് മൂന്നിന് കുവൈത്ത് സിറ്റിയിലെ മൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബിലാണ് മുഖ്യമന്ത്രിയുടെ പരിപാടി.
മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം സംബന്ധിച്ച് നേരത്തെ അവ്യക്തതകൾ നിലനിന്നിരുന്നുവെങ്കിലും പര്യടനത്തിന് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നൽകി. മുഖ്യമന്ത്രിയോടൊപ്പം മന്ത്രി സജി ചെറിയാനും യാത്രാനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിക്ക് സൗദി സന്ദർശത്തിന് അനുമതിയില്ല.
പ്രവാസികൾക്കായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന് പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം. ബഹ്റൈനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹ്റൈൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. ഈ മാസം 24ന് ഒമാനിലും 30ന് ഖത്തറിലും പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്. നവംബർ എഴിന് കുവൈത്തിൽ എത്തുന്ന മുഖ്യമന്ത്രി എട്ടിന് യു.എ.ഇയിലും പൊതുപരിപാടിയിൽ പങ്കെടുക്കും.
തയാറെടുപ്പ് യോഗം ചേർന്നു
മുഖ്യമന്ത്രിയുടെ സന്ദർശന ഭാഗമായി ചേർന്ന തയാറെടുപ്പ് യോഗത്തിൽ ടി.വി. ഹിക്മത്ത്
സംസാരിക്കുന്നു
മുഖ്യമന്ത്രിയുടെ സന്ദർശന ഭാഗമായി ലോക കേരള സഭ അംഗങ്ങളുടെയും മലയാള മിഷൻ കുവൈത്ത് ചാപ്റ്ററിന്റെയും നേതൃത്വത്തിൽ തയാറെടുപ്പ് യോഗം ചേർന്നു. മണിക്കുട്ടൻ എടക്കാട് അധ്യക്ഷതവഹിച്ചു. മലയാള മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി മുഖ്യമന്ത്രിയുടെ സന്ദർശനത്തെകുറിച്ചു വിശദീകരിച്ചു.
സംഘാടക സമിതി രക്ഷാധികാരികളായി കെ.ജി. എബ്രഹാം, ജോയൽ ജോസ്, കെ.എസ്. ശ്രീജിത്ത്, അഫ്സൽ ഖാൻ, ബാബു എരിൻച്ചേരി, ഹംസ പയ്യന്നൂർ, അയൂബ് കച്ചേരി, അബീദ്, കെ.പി.സുരേഷ്, അബ്ദുൾ അസീസ് എന്നിവരെയും സംഘാടക സമിതി ചെയർമാനായി ഡോ.അമീർ, മാത്യൂ ജോസഫ് (വർക്കിങ് ചെയർമാൻ), ജെ.സജി (ജനറൽ കൺവീനർ), മണിക്കുട്ടൻ എടക്കാട്, സത്താർ കുന്നിൽ, ബാബു ഫ്രാൻസിസ് (കൺവീനർമാർ) എന്നിവരെയും തെരഞ്ഞെടുത്തു.
ലോക കേരള സഭ അംഗങ്ങൾ, മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗങൾ എന്നിവർ കോഓഡിനേറ്റമാരാണ്. ചടങ്ങിൽ ടി.വി. ഹിക്മത്ത് സ്വാഗതവും സത്താർ കുന്നിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.