1. കോവിഡ്കാല പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിനുള്ള ഉപഹാരം അംബാസഡർ സിബി ജോർജ് കൈമാറുന്നു 2. ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ ഡിപ്ലോമസി ആൻഡ് കോവിഡ് 19 റെസ്പോൺസ് എന്ന പുസ്തകം പ്രകാശനം
കുവൈത്ത് സിറ്റി: ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് പ്രസിദ്ധീകരിച്ച 'ഇന്ത്യൻ ഡിപ്ലോമസി ആൻഡ് കോവിഡ് 19 റെസ്പോൺസ് എന്ന പുസ്തകം കുവൈത്തിൽ പ്രകാശനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികവും ആഘോഷിക്കുന്ന 'ആസാദീ കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചത്. ചടങ്ങ് അംബാസഡർ സിബി ജോർജ് ഉദ്‌ഘാടനം ചെയ്തു. വെല്ലുവിളികൾ നേരിടേണ്ടിവരുമ്പോൾ പരസ്പരം ഉപാധികളില്ലാതെ സഹായിക്കാൻ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് കോവിഡ് കാലത്തെ ഇന്ത്യ- കുവൈത്ത് സഹകരണം എന്ന് അംബാസഡർ പറഞ്ഞു.
കേവിഡ്കാലത്ത് ലോകത്തെ നൂറിലധികം രാജ്യങ്ങളിലേക്ക് വാക്സിനുകളും മരുന്നുകളും വിതരണം ചെയ്യുന്നതിലൂടെ ലോകത്തിന്റെ ഫാർമസി എന്ന നിലയിൽ ഇന്ത്യ വഹിച്ച പങ്ക് സിബി ജോർജ് സൂചിപ്പിച്ചു. കോവിഡ്കാല പ്രവർത്തനങ്ങളിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹം കാണിച്ച ഐക്യത്തിനും കരുതലിനും അംബാസഡർ നന്ദി പറഞ്ഞു. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് അടച്ചിടപ്പെട്ടവർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിലും ഇന്ത്യയിലേക്ക് ഓക്സിജൻ അയക്കുന്ന ദൗത്യം വിജയിപ്പിക്കുന്നതിലും പ്രധാന പങ്കു വഹിച്ച ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിനുള്ള ഉപഹാരം അംബാസഡർ കൈമാറി.
ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം, ഇന്ത്യൻ ബിസിനസ് പ്രമോഷൻ കൗൺസിൽ, ഐ.ഐ.ടി- എ.ഐ.എം അലുംനി അസോസിയേഷൻ, അറബ് ടെക്, എൻ.ബി.ടി.സി എന്നിവയുടെ പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. കോവിഡ് കാലത്തെ ഇന്ത്യൻ എംബസിയുടെയും ഇന്ത്യൻ കമ്യൂണിറ്റിയുടെയും പ്രവർത്തനങ്ങൾ വിവരിക്കുന്ന ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. ഡോ. വിനോദ് ഗെയ്ക്‌വാദ് സ്വാഗതം പറഞ്ഞു. ഡോ. അമീർ അഹമ്മദ്, രാജഗോപാൽ ത്യാഗി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.